അമ്മ യോഗത്തിൽ വിജയ് ബാബു; ബലാത്സംഗകേസ് ചർച്ചയായേക്കും, ഭാരവാഹികൾ വൈകിട്ട് മാദ്ധ്യമങ്ങളെ കാണും

Sunday 26 June 2022 11:55 AM IST

കൊച്ചി: ബലാത്സംഗകേസിൽ ആരോപണവിധേയനായ നടനും നിർമാതാവുമായ വിജയ് ബാബു അമ്മ ജനറൽ ബോഡി യോഗത്തിനെത്തി. നടിയെ പീഡിപ്പിച്ച കേസിൽ നടന് ജാമ്യം ലഭിച്ചിരുന്നു. നേരത്തേ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന വിജയ് ബാബു ആരോപണം നേരിട്ടതിനെത്തുടർന്ന് കേസ് അവസാനിച്ചിട്ടേ ഇനി സംഘടനയിലേയ്ക്കുള്ളൂ എന്ന് കാട്ടി രാജി നൽകിയിരുന്നു. എന്നാൽ നിലവിൽ വിജയ് ബാബു സംഘടനയിലെ അംഗമാണ്. കളമശേരി ചാക്കോളാസ് പവിലിയനിലാണ് യോഗം നടക്കുന്നത്.

സംഘടനയുടെ വരുമാനം സംബന്ധിച്ചുള്ള കാര്യങ്ങളായിരിക്കും യോഗത്തിലെ പ്രധാന ചർച്ചാവിഷയം. എന്നാൽ വിജയ് ബാബുവിന്റെ കേസ്, ആഭ്യന്തര പരാതി പരിഹാര സെൽ (ഐ സി സി) അംഗങ്ങൾ രാജിവച്ചത്, ഷമ്മി തിലകനെതിരായ നടപടി എന്നിവ യോഗത്തിൽ ചർച്ചയായേക്കും. വിജയ് ബാബുവിനെതിരായ പരാതിയിൽ അമ്മ നടപടിയെടുത്തില്ലെന്നാരോപിച്ച് ഐ സി സിയിൽ നിന്ന് ശ്വേതാ മേനോൻ, മാല പാർവതി, കുക്കു പരമേശ്വരൻ എന്നിവരാണ് രാജിവച്ചത്. ശ്വേതാ മേനോൻ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. അതേസമയം, വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചതിനെതിരെ ഡബ്ള്യൂ സി സിയും രംഗത്തെത്തി.

സാധാരണഗതിയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാന ഞായറാഴ്ചയാണ് താരസംഘടനയുടെ യോഗം ചേരുന്നത്. എന്നാൽ കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷവും ജൂണിൽ യോഗം ചേർന്നിരുന്നില്ല. ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് താരസംഘടനയുടെ ഭാരവാഹികൾ മാദ്ധ്യമങ്ങളെ കാണുമെന്ന് നേരത്തേ അറിയിച്ചിരുന്നു.