ദുരിതബാധിതരെ സന്ദർശിക്കുന്നതിനിടെ പ്രളയജലം കടന്ന് മുഖ്യമന്ത്രിയെ കാണാനെത്തി യുവാവ്; അസാമിൽ നിന്നും ശ്രദ്ധേയമായൊരു വീഡിയോ

Sunday 26 June 2022 12:22 PM IST

ഗുവാഹത്തി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അതിശക്തമായ പ്രളയത്താൽ ദുരിതമനുഭവിക്കുകയാണ് അസാം സംസ്ഥാനം. ശനിയാഴ്‌ച വരെ 121 പേരാണ് പ്രളയത്തിൽ മരിച്ചത്. 24 മണിക്കൂറിനിടടെ രണ്ട് കുട്ടികളടക്കം നാലുപേർ മരിച്ചു. അസമിലെ പ്രളയ സാഹചര്യം അൽപം മെച്ചപ്പെട്ടെങ്കിലും 25 ലക്ഷത്തിലധികം ആളുകളാണ് പ്രളയത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നത്.

മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർ‌മ്മ പ്രളയബാധിത പ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ സന്ദർശനം നടത്തി. സിൽച്ചറിൽ പ്രളയ ബാധിത മേഖലയിൽ എത്തിയ മുഖ്യമന്ത്രി ജനങ്ങളുടെ വിഷമങ്ങൾ കേട്ടു. ഇതിനിടെ ബരാക് താഴ്‌വരയിലെ പ്രദേശങ്ങളിൽ സന്ദർശിക്കുമ്പോഴാണ് മുഖ്യമന്ത്രിയ്‌ക്ക് രസകരമായ ഒരനുഭവമുണ്ടായത്. തങ്ങളുടെ ഭാഗത്ത് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രിയെ ഒരു ചെറുപ്പക്കാരൻ പ്രളയജലം കടന്നെത്തി 'ഗമുസ' എന്ന അസാമീസ് പരമ്പരാഗത വസ്‌ത്രം നൽകി സ്വീകരിച്ചു. ഒഴുകുന്ന വെള‌ളം കടന്നുവന്ന യുവാവിനെ മുഖ്യമന്ത്രിയ്‌ക്ക് അടുത്തെത്താൻ സുരക്ഷാ ഉദ്യോഗസ്ഥരും സഹായിച്ചു. കഴുത്തറ്റം വെള‌ളം നിറഞ്ഞയിടത്തുനിന്നുമാണ് യുവാവ് മുഖ്യമന്ത്രിയ്‌ക്കടുത്തെത്തിയതെന്ന് വീഡിയോയിൽ കാണാം. 2834 ഗ്രാമങ്ങളിലായി ലക്ഷങ്ങളാണ് ഇപ്പോഴും പ്രളയം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നത്.