ഒരു കൊല്ലം മുൻപ് സോൾട്ട് ആന്റ് പെപ്പർ ലുക്കുള്ള വാച്ച് മെക്കാനിക്, ഇന്ന് കെെയിൽ രക്തം പുരണ്ട കത്തിയുമായി കൊമ്പൻ മീശക്കാരൻ; എസ് ജി 251 ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Sunday 26 June 2022 1:03 PM IST

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടു. രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് ജി 251 എന്നാണ് താത്‌കാലികമായി നൽകിയിരിക്കുന്ന പേര്.

പുത്തൻ മേക്കോവറിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയത്. ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിതെന്നാണ് സംവിധായകൻ പറയുന്നത്. എതിറിയല്‍ എന്റർടെയിൻമെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന സുരേഷ് ഗോപി ഒരു ഇടവേളയ്ക്ക് ശേഷം 2020 ലാണ് സിനിമയിലേയ്ക്ക് മടങ്ങിയെത്തിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങിവരവ്. പിന്നാലെ നിരവധി പ്രോജക്‌ടുകളിലൂടെ സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമാകുകയാണ്.

സുരേഷ് ഗോപി - ജയരാജ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഹൈവേയ്ക്ക് 27 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹൈവേ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ 254ാമത് ചിത്രമായി പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. ടൈറ്റിൽ പോസ്റ്ററിനൊപ്പം സുരേഷ് ഗോപിയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.