പ്രസ്‌താവനകൾ വളച്ചൊടിച്ചു, അമ്മയിൽ നിന്നും പുറത്താക്കാനുളള തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് ഷമ്മി തിലകൻ
കൊല്ലം: അമ്മ സംഘടനയിൽ നിന്നും പുറത്താക്കാൻ പാകത്തിനുളള തെറ്റൊന്നും താൻ ചെയ്‌തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. മാഫിയാ സംഘമെന്ന് ആരെയും പറഞ്ഞിട്ടില്ല.തന്റെ പ്രസ്‌താവനകൾ വളച്ചൊടിച്ചു. 2017 മുതലുളള പ്രശ്‌നങ്ങളെ തുടർന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നോട് വിശദീകരണം ചോദിച്ചു. കത്തിലെ വാക്കുകൾക്കും വാക്യങ്ങൾക്കും അടിസ്ഥാനമായി വിശദമായ മറുപടി സമയബന്ധിതമായിത്തന്നെ താൻ നൽകിയെന്ന് ഷമ്മി തിലകൻ പറഞ്ഞു. അതിന് പിന്നാലെ കത്തുകളൊന്നും തനിക്ക് നൽകിയിട്ടില്ല. പുറത്താക്കിയെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിട്ടില്ല. അതിനുപാകത്തിന് തെറ്റ് ചെയ്‌തിട്ടില്ല. അമ്മ പുറത്താക്കുമെന്നും പ്രതീക്ഷിക്കുന്നില്ല.
സംഘടനയിൽ നിന്നും പുറത്താക്കും എന്നത് ഏഴയലത്തുപോലും ചിന്തിക്കാത്ത കാര്യമാണ്. എന്ത് തെറ്റാണ് ചെയ്‌തതെന്ന് വ്യക്തമായിട്ടില്ല.1994ൽ തന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്. സംഘടനയുടെ മൂന്നാമത് അംഗമാണ് താൻ. ആ ലെറ്റർപാഡിൽ തന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാമെന്നും ഷമ്മി തിലകൻ പ്രതികരിച്ചു.