അരക്കോടി ആവിയായി,​ പോളവാരാൻ വീണ്ടും യന്ത്രം.

Monday 27 June 2022 12:00 AM IST

കോട്ടയം. നാലു വർഷം മുമ്പ് അരക്കോടി മുടക്കി ജില്ലാ പഞ്ചായത്ത് വാങ്ങിയ പോളവാരൽ യന്ത്രം ദിവസങ്ങൾ മാത്രം പ്രവർത്തിപ്പിച്ച് തകരാറിലായി കായലിൽ തള്ളിയതിന് പിന്നാലെ വീണ്ടും പുതിയ യന്ത്രത്തിന്റെ രൂപകൽപ്പനയ്‌ക്ക് തയ്യാറെടുത്ത് ജില്ലാ ഭരണകൂടം. സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്കും നൽകാമെന്ന് ഗീർവാണം മുഴക്കി വാങ്ങിയ യന്ത്രം വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് പ്രവർത്തിച്ചത്. തോടുകളിലെയും നദികളിലെയും പോള അനായാസം നീക്കാൻ കഴിയുന്ന യന്ത്രം രൂപകൽപന ചെയ്യുന്നതിന്റെ സാദ്ധ്യതകൾ ചർച്ചചെയ്യുന്നതിനായി സാങ്കേതിക വിദഗ്ദ്ധ സംഘം കഴിഞ്ഞ ദിവസം ജില്ല സന്ദർശിച്ചിരുന്നു.

മുന്നണി മാറി, പ്രതിഷേധം അടങ്ങി.

2018ലാണ് 48 ലക്ഷം രൂപ മുടക്കി തദ്ദേശീയമായി നിർമിച്ച പോള വാരൽ യന്ത്രം വാങ്ങിയത്. ഒരു മണിക്കൂറിൽ അഞ്ച് ടൺ പോള വാരാൻ ശേഷിയുള്ള യന്ത്രമെന്നായിരുന്നു അവകാശവാദം. കൊട്ടിഘോഷിച്ച് കോടിമതയിൽ ഉദ്ഘാടനം നടന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം നിലച്ചു. കുറച്ചു നാൾ കുമരകത്ത് കായലിൽ വെറുതെയിട്ടിരിക്കുകയായിരുന്നു. കേരളാ കോൺഗ്രസ് എമ്മിലെ​ സഖറിയാസ് കുതിരവേലി ജില്ലാ പ്രസിഡന്റായിരുന്നപ്പോഴാണ് യന്ത്രം വാങ്ങിയത്. അന്ന് പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫ് അഴിമതി ആരോപണവുമായി രംഗത്തിറങ്ങിയെങ്കിലും കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ നാവടഞ്ഞു. കുമരകത്ത് രണ്ട് വർഷം മുന്നേ കോൺഗ്രസുകാർ യന്ത്രത്തിൽ റീത്ത് വച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

പുതിയ യന്ത്രത്തിന്റെ ആലോചന.

തോടുകളിൽ ഇറങ്ങാതെ കരയിൽ നിന്നുതന്നെ പോളയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുക.

നീക്കുന്ന പോളയും മറ്റും കൃഷിക്ക് അനുയോജ്യമാകുന്ന തരത്തിൽ കമ്പോസ്റ്റ് വളമാക്കുക.

പാഴാക്കിയത്

48 ലക്ഷം രൂപ.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പറയുന്നു '' പഴയ പോളവാരൽ യന്ത്രം തകരാർ പരിഹരിക്കാനായി കോടിമതയിലെത്തിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം തകരാർ പരിഹരിക്കും''

Advertisement
Advertisement