സി.പി.എമ്മിന്റെ കിളിപോയി: പ്രതിപക്ഷ നേതാവ്

Monday 27 June 2022 12:45 AM IST

കൊച്ചി: ഭീതിയുടെയും വെപ്രാളത്തിന്റെയും അന്തിമഘട്ടമായ കിളിപറക്കുന്ന അവസ്ഥയിൽ സി.പി.എം എത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. സി.പി.എമ്മിന്റെ മൊത്തത്തിലെ അവസ്ഥ നോക്കുമ്പോൾ കിളി പറന്നുപോയോയെന്ന് സംശയമുണ്ടെന്ന് സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിൽ മാർച്ച് നടത്തുമെന്ന് പറയുന്ന സി.പി.എം ആരോടാണ് പ്രതിഷേധിക്കുന്നതെന്ന് വ്യക്തമാക്കണം. കറൻസി കടത്തിയെന്നും ബിരിയാണി ചെമ്പ് കൊണ്ടുവന്നെന്നും പ്രതിപക്ഷനേതാവിനെതിരെ ആരോപണമില്ല. എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാർച്ച് നടത്തി. അതുപോലെയാണ് വയനാട്ടിലെ പ്രതിഷേധവും.
രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഒന്നും ചെയ്യാത്തതിനാണോ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാർ ചികിത്സാസഹായത്തിന്റെ വിവരങ്ങൾ അടങ്ങിയ ഫയലുകൾ മോഷ്ടിച്ചത്. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ രാഹുൽ ഗാന്ധി കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനം നടപ്പാക്കാനുള്ള ശേഷി ബി.ജെ.പിക്കില്ലാത്തത് കൊണ്ട് ക്വട്ടേഷൻ സി.പി.എം ഏറ്റെടുത്തിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement