മാരക മയക്കുമരുന്നുമായി തിരുവനന്തപുരം നഗരസഭാ ജീവനക്കാരനെ പിടികൂടി പത്ത് ദിവസമായിട്ടും സസ്‌പെൻഡ് ചെയ്തില്ല,  ഭരണപാർട്ടിയുടെ ആളായതിനാലെന്ന് ആരോപണം

Monday 27 June 2022 10:33 AM IST

തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കഠിനംകുളം പൊലീസിന്റെ പിടിയിലായ നഗരസഭ ജീവനക്കാരനെ പത്ത് ദിവസം കഴിഞ്ഞിട്ടും ഭരണസമിതി സസ്‌പെൻഡ് ചെയ്തില്ലെന്ന് ആരോപണം. ഇക്കഴിഞ്ഞ 17നാണ് സ്വകാര്യ റിസോർട്ടിൽ പാർട്ടിക്കിടെ വിതരണം ചെയ്യാനെത്തിച്ച മാരക ലഹരി വസ്തുവായ എം.ഡി.എം.എയുമായി തിരുവനന്തപുരം നഗരസഭാ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേരെ കഠിനംകുളം പൊലീസ് പിടികൂടിയത്.

നഗരസഭാ ജീവനക്കാരനായ ആനാവൂർ ആലത്തൂർ സരസ്വതി മന്ദിരത്തിൽ ശിവപ്രസാദ്(29), വെഞ്ഞാറമൂട് തേമ്പാമൂട് കുളത്തിൻകര കൊതുമല വീട്ടിൽ അജ്മൽ(24) എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് റിമാൻഡ് ഉൾപ്പെടയുള്ള നടപടികൾ നടന്നിട്ടും ആറന്നൂർ വാർഡിലെ ബിൽ കളക്ടർ കൂടിയായ ശിവപ്രസാദിനെ സസ്‌പെൻഡ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷം.

ഭരണപാർട്ടിയുടെ ആളായത് കൊണ്ടാണ് സസ്‌പെൻഡ് ചെയ്യാൻ വിമുഖത കാണിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. സാധാരണ, ഏതെങ്കിലും കേസിൽ നഗരസഭാ ജീവനക്കാരനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം പൊലീസിന്റെ പക്കൽ നിന്നുള്ള വിവരശേഖരത്തിന്റേയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്യണമെന്നാണ് ഉത്തരവ്.

എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും സസ്പൻഡ് ചെയ്യേണ്ട അഡിഷണൽ സെക്രട്ടറി ഇത് ചെയ്തില്ലെന്നാണ് ആരോപണം. പിടിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം പ്രതിയുടെ പക്കലുണ്ടായിരുന്ന ബിൽ തുക മറ്റൊരാളെ വച്ച് നഗരസഭയിൽ അടച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

നികുതി തട്ടിപ്പിന് ശേഷം അന്ന് ശേഖരിക്കുന്ന ബിൽ തുക അന്ന് തന്നെ ഒടുക്കണമെന്ന സർക്കുലർ ഉണ്ടായിരുന്നെങ്കിലും അത് പാലിക്കാതെ രണ്ട് ദിവസത്തെ ബിൽ തുക കൈയിൽ വച്ചിരുന്ന് അടച്ചതും വീഴ്ചയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

Advertisement
Advertisement