സ്വപ്നയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡിയും ക്രൈംബ്രാഞ്ചും; ഏത് ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്ന് നിയമോപദേശം തേടും

Monday 27 June 2022 10:44 AM IST

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനോട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും നോട്ടീസ് നൽകി. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്ന് നിയമോപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് സ്വപ്ന പറഞ്ഞു. സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ. കഴിഞ്ഞ രണ്ട് ദിവസമായി 12 മണിക്കൂറോളം ഇ ഡി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള ഗൂഢാലോചനക്കേസിലാണ് ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സ്വപ്നയ്ക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു. രണ്ട് അന്വേഷണ സംഘങ്ങളും ഇന്ന് തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അഭിഭാഷകന്റെ നിർദേശം സ്വീകരിക്കാൻ സ്വപ്ന തീരുമാനിച്ചത്. അതേസമയം, കേന്ദ്ര സുരക്ഷ വേണമെന്നും സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും വ്യക്തമാക്കി സ്വപ്ന നൽകിയ ഹർജി എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Advertisement
Advertisement