അന്ന് പ്രശ്‌നമാകുമെന്നാണ് കരുതിയത്, എന്നാൽ ജനങ്ങളുടെ പ്രതികരണം മറ്റൊന്നായിരുന്നു; തെലുങ്കിൽ അഭിനയിക്കും, സംവിധാനവും ചെയ്യുമെന്ന് പൃഥ്വിരാജ്

Monday 27 June 2022 2:05 PM IST

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രമാണ് കടുവ. ജൂൺ 30ന് ചിത്രം തിയേറ്ററുകളിലെത്തും. വിവേക് ഒബ്‌റോയ്, സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്‌കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദ്ദനൻ, പ്രിയങ്ക നായർ, മീനാക്ഷി എന്നിവരാണ് മറ്റു താരങ്ങൾ.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമ്മിക്കുന്ന കടുവയുടെ രചന ജിനു വി. എബ്രഹാം നിർവഹിക്കുന്നു. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഹെെദരാബാദിലെ തെലുങ്ക് പ്രേക്ഷകർക്ക് മുന്നിലും അണിയറപ്രവർത്തകർ എത്തിയിരുന്നു. പൃഥ്വിരാജ്, സംയുക്ത, വിവേക് ഒബ്‌റോയ് എന്നിവർ ഈ പ്രസ് മീറ്റിനെത്തി.

'കടുവ എനിക്ക് വളരെ സ്‌പെഷ്യലാണ്. മലയാള സിനിമയിൽ മാസ് മസാല എന്റർ‌ടെയിനറുകൾ ഇപ്പോൾ കുറവാണ്. മറ്റുഭാഷകളിലും ചിത്രത്തിന്റെ ടെെറ്റിൽ കടുവ എന്ന് തന്നെയാണ്. ചിത്രത്തിലെ പ്രധാന ക്യാരക്‌ടറിന്റെ പേര് കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ്. അതിനെ ചുരുക്കിയാണ് കടുവ എന്ന ടെെറ്റിൽ ഇട്ടത്. കടുവ എന്ന പേര് ചിത്രത്തിലുടനീളം കേൾക്കും. അതിനാലാണ് മറ്റു ഭാഷകളിൽ പേര് മാറ്റാത്തത്.

ഇവിടെയുള്ളവർക്ക് സിനിമയോടുള്ള സ്‌നേഹം വളരെയധികമാണ്. ഒരിക്കൽ ഇവിടെ ഷൂട്ടിംഗിനായി റോഡ് തടയേണ്ടി വന്നു. പ്രശ്‌നമാകുമെന്ന് കരുതിയതാണ്. എന്നാൽ ജനങ്ങൾ സിനിമയാണെങ്കിൽ കുഴപ്പമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ഞാൻ തെലുങ്ക് ചിത്രം ചെയ്യും. സലാറിൽ ഒരു സുപ്രധാന വേഷം ചെയ്യാനുള്ള ഓഫർ വന്നിട്ടുണ്ട്. രണ്ട് കൊല്ലം മുന്നെ കഥ കേട്ടപ്പോഴെ ഓകെ പറഞ്ഞു. ഡേറ്റ് പ്രശ്‌നം കാരണം പറ്റില്ലെന്നാണ് വിചാരിച്ചത്. എന്നാൽ ഇപ്പോൾ നടക്കാനുള്ള സാദ്ധ്യതയുണ്ട്. തെലുങ്കിൽ ചിത്രം സംവിധാനം ചെയ്യാനും സാദ്ധ്യതയുണ്ട്. ഇവിടെയുള്ള പ്രൊ‌ഡക്ഷൻ ഹൗസുകൾ ബന്ധപ്പെട്ടിട്ടുണ്ട്'- പൃഥ്വിരാജ് പറഞ്ഞു.