വിത്തുകളില്ല, വാഴ കൃഷി പ്രതിസന്ധിയിൽ.

Tuesday 28 June 2022 12:00 AM IST

കോട്ടയം. ജില്ലയിൽ വാഴകൃഷിക്കു തയ്യാറെടുക്കുന്ന കർഷകർക്ക് വിത്തിന്റെ ക്ഷാമവും അമിത വിലയും പ്രതിസന്ധി സൃഷ്ടിക്കുന്നു. മഴ കുറഞ്ഞ് അനുകൂലമായ കാലാവസ്ഥ രൂപപ്പെട്ടതോടെ നിരവധിയാളുകളാണ് വാഴകൃഷി ചെയ്യാൻ മുന്നോട്ട് വരുന്നത്. വാഴക്കുലയുടെ വിലവർദ്ധനയും കർഷകരെ ആകർഷിച്ചിട്ടുണ്ട്. ഏത്തവാഴ, ഞാലിപ്പൂവൻ, പൂവൻ തുടങ്ങിയവയുടെ വിത്തുകൾക്കാണ് ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഇതോടെ മുൻപ് 10 രൂപയ്ക്കു കിട്ടിയിരുന്ന വാഴവിത്തുകൾക്ക് ഇപ്പോൾ 20 രൂപയ്ക്ക് മുകളിലാണ് വില. മുൻകാലങ്ങളിൽ കുലകൾക്കുണ്ടായ വിലയിടിവ് മൂലം കർഷകർ വാഴ കൃഷിയിൽ നിന്ന് പിന്മാറിയിരുന്നു. കർഷകരിൽ പലരും വിത്തുകൾ സംരക്ഷിച്ച് നിർത്തിയിരുന്നുമില്ല. ഇതാണ് വിത്തുകൾക്ക് ക്ഷാമമുണ്ടാകാനുള്ള പ്രധാനകാരണം.

ഏത്തപ്പഴത്തിനും ഞാലിപൂവൻ പഴത്തിനും വിപണിയിൽ വില ഉയർന്നത് മൂലം കൃഷി ചെയ്തു കൊണ്ടിരുന്ന കർഷകർ വിത്തുകൾ വിൽക്കാതെ തുടർകൃഷിയിലേർപ്പെടുകയാണ്. ഇത്തരം കർഷകർ നാമമാത്രമായേ നിലവിലുള്ളു. ഇതോടെ പുതിയ കർഷകർക്ക് വിത്തിനായി കടകളെ ആശ്രയിക്കേണ്ടിവരുന്നു. വാഴവിത്തുകളുടെ പ്രധാന മാർക്കറ്റ് മല്ലപ്പള്ളി, പാലാ എന്നിവടങ്ങളാണ്. നാടൻ വിത്തുകളോടാണ് കർഷകർക്ക് താത്പര്യം. എന്നാൽ അതു വേണ്ടത്ര ലഭിക്കുന്നില്ല. വളത്തിന് ഉൾപ്പെടെ വില വർദ്ധിച്ച് നിൽക്കുന്ന സാഹചര്യത്തിൽ 20 രൂപയ്ക്ക് വിത്ത് വാങ്ങി കൃഷി ചെയ്താൽ കൈപൊള്ളുമോയെന്നാണ് കർഷകരുടെ ആശങ്ക. കുറഞ്ഞവിലയ്ക്ക് ലഭ്യമായെങ്കിൽ മാത്രമേ കൂടുതൽ കൃഷി ചെയ്യാൻ സാധിക്കൂ.

തുടക്കത്തിൽ ചില കാർഷിക വിപണന കേന്ദ്രങ്ങൾ വഴി വിത്തുകൾ വിതരണം ചെയ്തിരുന്നെങ്കിലും ഇപ്പോൾ അവിടെയും ലഭ്യത കുറഞ്ഞു. തമിഴ്‌നാട്ടിൽനിന്ന് വിത്ത് എത്തുന്നതും കാത്തിരിക്കുകയാണ് കർഷകർ.

വിത്തിന് കുറഞ്ഞ വില. 20 രൂപ.

മുൻ വർഷത്തെ വില. 10 രൂപ.

കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെടുന്നു.

കർഷകർക്ക് കുറഞ്ഞ നിരക്കിൽ വാഴവിത്ത് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.

Advertisement
Advertisement