'നാളെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ, ഞാൻ വന്ന് കാലുപിടിക്കാം' വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം പുറത്ത്

Monday 27 June 2022 6:39 PM IST

തിരുവനന്തപുരം : നടിയെ പീഡിപ്പിച്ചെന്ന കേസിൽ പരാതി നൽകിയതിന് പിന്നാലെ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. നടിയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഇന്നലെ ചാനൽ ചർച്ചയിൽ വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം കൈയിലുണ്ടെന്ന് നടിയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺ സംഭാഷണം പുറത്തുവന്നത്.

പരാതി പുറത്തറിഞ്ഞാൽ താൻ ജീവിച്ചിരിക്കില്ലെന്നും പൊലീസുകാരും നാട്ടുകാരും ഇത് ആഘോഷിക്കുമെന്നും വിജയ് ബാബു പറയുന്നു. ഞാൻ ട്രിഗർ ചെയ്തു . അത് സത്യമാണ്. ഞാൻ വന്ന് കാലുപിടിക്കാം,​ അവൾ എന്നെ തല്ലിക്കോട്ടെ,​എന്തു വേണമെങ്കിലും ചെയ്‌തോട്ടെ,​ ഇത് വെളിയിൽ നാട്ടുകാർ സെലിബ്രേറ്റ് ചെയ്യാൻ സമ്മതിക്കരുത്,​ ഇതിന് പരിഹാരം ഇല്ലേ. നാളെ അമ്മയ്ക്കും അച്ഛനും വെളിയിൽ ഇറങ്ങി നടക്കാൻ പറ്റുമോ എന്നും വിജയ്ബാബു ഫോണിൽ ചോദിക്കുന്നുണ്ട്. അവളുടെ കൈയിൽ നിന്ന് കാര്യങ്ങൾ പോയെന്ന് അതിജീവിതയുടെ ബന്ധു വിജയ് ബുവിനോട് പറയുന്നതും കേൾക്കാം.

അതേസമയം നടിയെ പീഡിപ്പിച്ച കേസിൽ ഇന്ന് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വിജയ് ബാബുവിനെ പൊലീസ് വിട്ടയയ്ക്കും .