ഷിൻഡെ പക്ഷത്തിന് ആശ്വാസം,​ വിമത എം എൽ എമാരെ അയോഗ്യരാക്കാനുള്ള നടപടികൾ നിറുത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്

Monday 27 June 2022 7:48 PM IST

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ വിമത എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ജൂായ് 11വരെ നിറുത്തിവയ്‌ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജൂലായ് 11 വരെ എം.എൽ.എമാർക്ക് അയോഗ്യരാക്കാനുള്ള നോട്ടീസിന് മറുപടി നൽകാമെന്ന് സുപ്രീംകോടതി അറിയിച്ചു. വിമത എം.എൽ.എമാരുടെ കുടുംബത്തിനും സ്വത്തിനും സുരക്ഷ ഒരുക്കാനും മഹരാഷ്ട്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.ബി. പർദിവാലയും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അതേസമയം വിമത പക്ഷത്തുള്ള മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എടുത്തുമാറ്റി. ഭരണസൗകര്യത്തിനായി വകുപ്പുകൾ മറ്റു മന്ത്രിമാരെ ഏൽപ്പിക്കുകയാമെന്ന് സർക്കാർ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,​ മകൻ ആദിത്യ താക്കറെ,​ അനിൽ പരബെ,​ സുഭാഷ് ദേശായി എന്നിവർ മാത്രമാണ് നിലവിൽ ഔദ്യോഗിക പക്ഷത്തുള്ള സേനാമന്ത്രിമാർ. മന്ത്രിസഭയിൽ ശിവസേനയ്ക്ക് പത്തു കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണുള്ളത്. സഹമന്ത്രിമാർ വിമത ക്യാമ്പിലാണ്.

അതേസമയം തങ്ങളെ ചതിച്ചവർ ഇനി നിയമസഭ കാണില്ലെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ പറഞ്ഞു. എം.എൽ.എമാർ പോയാലും അണികൾ ഒപ്പമുമണ്ടെന്നും ആദിത്യ പറഞ്ഞു. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് വിമത എം.എൽ.എമാർ ആദ്യം ധാർമിക പരിശോധന നടത്തണം. ഇനിയും തിരിച്ചു വരാൻ തയ്യാറായവർക്ക് സ്വാഗതമെന്നും ആദിത്യ താക്കറെ പറഞ്ഞു.