കൊലപാതകം: പ്രതികളുടെ വീടുകളിലും താവളങ്ങളിലും പരക്കെ റെയ്ഡ്

Tuesday 28 June 2022 3:35 AM IST

കാസർകോട്: പ്രവാസി വ്യാപാരി ഉപ്പളയിലെ അബൂബക്കർ സിദ്ദീഖിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്നു തിരിച്ചറിഞ്ഞ പൈവളിഗെയിലെ ക്വട്ടേഷൻ സംഘങ്ങളുടെ വീടുകളിൽ ഇന്നലെ രാത്രി പൊലീസ് വ്യാപകമായ റെയ്ഡ് നടത്തി. കൊല നടത്തിയതിനുശേഷം രക്ഷപ്പെട്ട പ്രതികൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള താവളങ്ങളും പൊലീസ് സംഘം അരിച്ചുപെറുക്കി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ (മഞ്ചേശ്വരം), പ്രമോദ് (കുമ്പള) എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്. കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘത്തിൽ പത്തു പേർ ഉണ്ടായിരുന്നതായാണ് ഒടുവിൽ പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്.

തലക്കും നെഞ്ചിനും ഏറ്റ മാരകമായ പരിക്കാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ പ്രൊഫ. സുജിത് ഇൻക്വസ്റ്റ് നടത്തിയ കുമ്പള എസ്.ഐ വി. കെ അനീഷിന് നൽകിയ പ്രാഥമിക മൊഴിയിൽ പറയുന്നു. കാലിന്റെ അടിഭാഗത്തും തലക്കും നെഞ്ചിനും കാൽമുട്ടുകൾക്കും അടിയേറ്റ് മാരകമായ പരിക്കുണ്ട്. ഇരുമ്പ് വടികൾ കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് കരുതുന്നത്.