ടൂറിസം ജീവനക്കാരികളുടെ പരാതിയിലെ വിശ്വാസ്യത: ഉത്തരവ് റദ്ദാക്കി, ഡയറക്ടറോട് വിശദീകരണം തേടി

Tuesday 28 June 2022 12:44 AM IST

തിരുവനന്തപുരം: ടൂറിസം വകുപ്പിലെ വനിതാജീവനക്കാരുടെ പരാതിയിലെ വിശ്വാസ്യത പരിശോധിക്കണമെന്ന ഡയറക്ടർ വി.ആർ. കൃഷ്ണ തേജയുടെ വിവാദ ഉത്തരവ് മന്ത്രി മുഹമ്മദ് റിയാസ് റദ്ദാക്കി. കൂടിയാലോചനയില്ലാതെ ഉത്തരവിറക്കിയ ഡയറക്ടറോട് ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീനിവാസ് വിശദീകരണം തേടി. കഴിഞ്ഞ 17നാണ് ഉത്തരവിറക്കിയത്.

ടൂറിസം വകുപ്പിലെ ഓഫീസുകളിലും ഗസ്റ്റ് ഹൗസുകളിലുമുള്ള ജീവനക്കാരികൾ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നൽകുന്ന പരാതികൾ അന്വേഷണഘട്ടത്തിൽ പിൻവലിക്കുകയാണെന്നും ചിലർ ആരോപണങ്ങളിൽ നിന്ന് പിൻമാറുകയാണെന്നുമാണ് ഉത്തരവിലുണ്ടായിരുന്നത്. അന്വേഷണത്തിന്റെയും നടപടിക്രമങ്ങളുടെയും ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയവും പാഴാകുകയാണ്. വകുപ്പിന്റെ സത്പേരിനെ ഇത് ബാധിക്കുന്നുണ്ട്. ഇത്തരം പരാതികൾ നൽകുന്ന ജീവനക്കാരുടെ വിശദാംശം പ്രത്യേകം ശേഖരിച്ച് ഉചിതമായ തുടർനടപടിയെടുക്കണമെന്നുമായിരുന്നു ഡയറക്ടറുടെ ഉത്തരവിലുണ്ടായിരുന്നത്.

വിവാദ ഉത്തരവ് വകുപ്പിന്റെ വിവിധ ഓഫീസുകളിലെത്തിയതിന് പിന്നാലെയാണ് ചില ജീവനക്കാർ പകർപ്പ് സഹിതം വിവരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ജോലിസ്ഥലത്ത് മോശം പെരുമാറ്റമോ അനുഭവമോ ഉണ്ടായാൽ വെളിപ്പെടുത്താനും പരാതി നൽകാനും വനിതകളടക്കമുള്ള ജീവനക്കാർ മടിക്കുന്ന സാഹചര്യം ഉത്തരവ് സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞാണ് പിൻവലിച്ച് ഡയറക്ടറോട് വിശീകരണം തേടിയത്. അതേസമയം വി.ആർ. കൃഷ്ണ തേജയുടെ വിശദീകരണവും റിപ്പോർട്ടും ലഭിച്ചശേഷം ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാകും.

Advertisement
Advertisement