ഗൾഫിൽ നിന്ന് വിളിച്ചുവരുത്തി കൊല: പിന്നിൽ എട്ടംഗ ക്വട്ടേഷൻ സംഘം
കാസർകോട്: പ്രവാസിയും ഉപ്പളയിലെ ഫുട്‌വെയർ വ്യാപാരിയുമായ അബൂബക്കർ സിദ്ദിഖിനെ (32) ഗൾഫിൽ നിന്നും വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം സ്വകാര്യാശുപത്രിയിൽ എത്തിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ കൃത്യത്തിൽ പങ്കെടുത്ത ചിലരെ കുമ്പള പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. പൈവളിഗെയിലെ എട്ടംഗ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയെതന്നാണ് വിവരം. മൃതദേഹം കൊണ്ടുവന്ന കാർ തലപ്പാടിക്ക് സമീപം മംഗളൂരുവിനടുത്തുള്ള തൊക്കോട്ട് നിന്ന് ഇന്നലെ പുലർച്ചെ കണ്ടെത്തി. കാറിന്റെ ആർ.സി ഉടമയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നെഞ്ചത്തേറ്റ ചവിട്ടാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഞായറാഴ്ച വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ സംഘം സിദ്ദിഖിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ മൃതദേഹം ആശുപത്രിക്കുള്ളിലേക്ക് എത്തിക്കുന്നതിനിടെ സംഘം രക്ഷപ്പെട്ടു. ജീവനക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. മൃതദേഹം ആശുപത്രിയിൽ എത്തിച്ചതിന്റെ സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഗൾഫിൽ നിന്ന് കൊടുത്തയച്ച ഡോളറും സ്വർണവും സിദ്ദിഖ് തട്ടിയെടുത്തുവെന്നാരോപിച്ചാണ് ഇതിന്റെ ഉടമകൾ കൊലചെയ്യാൻ ക്വട്ടേഷൻ നൽകിയതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് സിദ്ദിഖിന്റെ സഹോദരൻ അൻവറിനേയും സുഹൃത്ത് മുഗുവിലെ അൻസാറിനെയും തട്ടിക്കൊണ്ടുപോയ സംഘം സിദ്ദിഖിനെ ഗൾഫിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മൂവരേയും ഒരുമിച്ച് കാറിൽ കയറ്റിയ സംഘം അൻവറിനേയും അൻസാറിനേയും ബന്തിയോട്ട് ഇറക്കിവിട്ട ശേഷമാണ് സിദ്ദിഖിനെ കൊലപ്പെടുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അൻവറും അൻസാറും മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവം നടന്നത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈവളിഗെയിൽ ആയതിനാൽ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറും.