കേരള കോൺഗ്രസ്‌ പ്രതിഷേധസമരം നടക്കും

Tuesday 28 June 2022 1:30 AM IST

തൃശൂർ: സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ വേണമെന്ന് മന്ത്രിസഭാ തീരുമാനം എടുക്കുകയും ഇതിനായി കേന്ദ്രസർക്കാറിനെ സമീപിക്കുകയും ചെയ്ത എൽ.ഡി.എഫിന്റെ സമരം കാപട്യമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

നാലുലക്ഷം ഏക്കറിൽ നിന്ന് ഒന്നര ലക്ഷത്തോളം കുടുംബാംഗങ്ങളെ വഴിയാധാരമാക്കുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന തീരുമാനം എടുത്തത് 2019 ഒക്ടോബർ 23ന് പിണറായി വിജയൻ മുഖ്യമന്ത്രിയുടെ മന്ത്രിസഭയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി വാങ്ങിയവർ ആ വിധിയ്‌ക്കെതിരെ ജനങ്ങളെ സമരത്തിന് അണിനിരത്തി സ്വയം അപഹാസ്യരാകുകയാണ്. സർവകക്ഷി സമ്മർദ്ദം ചെലുത്തുകയും ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയും നിയമ നിർമ്മാണം നടത്തിയും കേരളത്തെ രക്ഷിക്കാൻ സർക്കാർ ആത്മാർത്ഥമായി തയ്യാറാകണം. നിലവിലെ പ്രഖ്യാപിത ബഫർസോൺ പരിസരങ്ങളിൽ കേരളാ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് ചെയർമാൻ എം.പി.പോളി, ജില്ല പ്രസിഡന്റ് സി.വി.കുര്യാക്കോസ്, ജില്ല ജനറൽ സെക്രട്ടറി ഇട്ടിച്ചൻ തരകൻ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement