ശിവശങ്കർ  അശ്വത്ഥാമാവ്  എന്ന  ആനയോടൊപ്പം   കളിച്ചാൽ   കേസില്ല, സ്വപ്നയ്‌ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി   പറമ്പിൽ

Tuesday 28 June 2022 1:52 PM IST

തിരുവനന്തപുരം: നിയമസഭയിൽ സ്വർണക്കടത്ത് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിൻമേലുള്ള ചർച്ച തുടങ്ങി. ഷാഫി പറമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിക്കുന്നതിനിടെ മന്ത്രി പി രാജീവ് ക്രമപ്രശ്നം ഉന്നയിച്ചത് അല്പനേരം ബഹളത്തിനിടയാക്കി. രഹസ്യമൊഴി സഭയിൽ പരാമർശിക്കരുതെന്ന് രാജീവ് പറഞ്ഞതാണ് ബഹളത്തിനിടയാക്കിയത്.

സ്വർണക്കടത്തുകേസിൽ യു ഡി എഫിന് ഒരു അജണ്ടയും ഇല്ലെന്നും പ്രതിപക്ഷത്തിന്റെ അടുക്കളയിൽ വേവിച്ചെടുത്ത വിവാദമല്ല ഇതെന്നും പ്രമേയമവതരിപ്പിച്ചുകൊണ്ട് ഷാഫി പറഞ്ഞു.

വിജിലൻസ് മേധാവിയെ എന്തുകൊണ്ട് മാറ്റി, സ്വപ്നയുടെ ആരോപണം തെറ്റാണെങ്കിൽ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ല, ഷാജ് കിരൺ പറയുമ്പോൾ പൊലീസ് അറസ്റ്റുചെയ്യും. വിടുമെന്ന് പറയുമ്പോൾ വിടും. ഷാജ് കിരണിന് പൊലീസിൽ ഇത്രസ്വാധീനം എങ്ങനെയുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിലും വകുപ്പിലും അവതാരങ്ങളുടെ ചാകരയാണ്. സർവീസിലിരിക്കെ പുസ്തകമെഴുതിയതിന് ജേക്കബ് താേമസിനെതിരെ നടപടിയുണ്ടായി. എന്നാൽ ശിവശങ്കറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ജേക്കബ് താേമസ് സ്രാവുകൾക്കൊപ്പം നീന്തിയാൽ കേസും ശിവശങ്കർ അശ്വത്ഥാമാവ് എന്ന ആനയോടൊപ്പം കളിച്ചാൽ കേസുമില്ല. മുഖ്യമന്ത്രിയെ വെളുപ്പിക്കാൻ എഴുതിയതുകൊണ്ടല്ലേ ശിവശങ്കറിനെതിരെ കേസ് എടുക്കാത്തത്. സ്വപ്നയ്ക്ക് വിശ്വാസ സർട്ടിഫിക്കറ്റ് നൽകിയത് യു ഡി എഫ് അല്ല. അത് എൽ ഡി എഫാണ് - പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഷാഫി പറഞ്ഞു.

ഇന്നുരാവിലെ പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പിൽ എം എൽ എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യപ്പെടുന്ന വിഷയമാണിത്. പൊതുസമൂഹത്തിന്റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിക്കുകയായിരുന്നു.

Advertisement
Advertisement