വാളുകൾക്കിടയിലൂടെ നടന്നു നീങ്ങിയ ആളെന്ന് പറഞ്ഞിട്ട് ഇപ്പോൾ മീറ്റർ ഒന്നിന് ഒരു പൊലീസ്: മുഖ്യമന്ത്രിക്ക് സഭയിൽ പരിഹാസം

Tuesday 28 June 2022 2:27 PM IST

തിരുവനന്തപുരം: സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി കാണിക്കുന്നതെല്ലാം ചെപ്പടി വിദ്യയെന്ന് പ്രതിപക്ഷം നിയമസഭയിൽ. പ്രതിപക്ഷ എം എൽ എയായ എൻ. ഷംസുദ്ദീൻ ആണ് അടിയന്തര പ്രമേയത്തിൽ ഇക്കാര്യം ഉന്നയിച്ചത്. എല്ലാം തകർന്ന് തെളിവുകളെല്ലാം തനിക്കെതിരായി വരുമ്പോഴും വലിയ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. ഇത്രയുമായിട്ടും മുഖ്യമന്ത്രി രാജി വയ്‌ക്കാത്തത് രാഷ്‌ട്രീയ ധാർമ്മികതയില്ലാത്തതുകൊണ്ടാണെന്ന് ഷംസുദ്ദീൻ ആരോപിച്ചു. വാളുകൾക്കിടയിലൂടെ നടന്നു നീങ്ങിയ ആളാണെന്ന് പറഞ്ഞിട്ട് ഒരു മീറ്ററിൽ ഒരു പൊലീസ് എന്ന കണക്കിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും ഷംസുദ്ദീൻ പരിഹസിച്ചു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്ഷേപമാണ് ഷംസുദ്ദീൻ ഉയർത്തിയതെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. ചട്ടം 132 പ്രകാരം ആവശ്യമില്ലാത്ത വിഷയം ഉന്നയിക്കാൻ പാടില്ലെന്നും പരാമർശം സഭാ രേഖയിൽ നിന്ന് നീക്കം ചെയ്യണമെന്നും പോയിന്റ് ഓഫ് ഓർഡറായി അദ്ദേഹം പറഞ്ഞു. ഇത് പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകി.