നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി നൽകി വിചാരണക്കോടതി ഉത്തരവ്. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കൊച്ചിയിലെ വിചാരണ കോടതി തള്ളി.
ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. കഴിഞ്ഞ വർഷവും പ്രോസിക്യൂഷൻ മുന്നോട്ട് വച്ച സമാന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനുള്ള സമയപരിധി രണ്ടാഴ്ച കഴിഞ്ഞ് പൂർത്തിയാകാനിരിക്കെയാണ് ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയത്.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം നടന്നത് ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഡാലോചന നടത്തിയെന്ന വാദങ്ങൾ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു.