നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്‌റ്റിട്ടയാളെ വെട്ടിക്കൊന്നു; കൊലയാളികൾ തലയറുത്ത് മാറ്റി, രാജസ്ഥാനിൽ സംഘർഷാവസ്ഥ

Tuesday 28 June 2022 7:35 PM IST

ഉദയ്‌പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽകാരനെ കടയിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം വെട്ടി കൊലപ്പെടുത്തി. കനയ്യ ലാൽ എന്ന തയ്യൽകട ഉടമയെയാണ് കൊലപ്പെടുത്തിയത്. കടയിൽ അളവെടുക്കുകയായിരുന്ന കനയ്യലാലിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും വെട്ടിയശേഷം അക്രമികൾ തലയറുത്ത് മാറ്റി. ഇവർ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്.

കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് ജനങ്ങൾ തെരുവിലിറങ്ങുകയും ടയറുകളടക്കം റോഡിലിട്ട് കത്തിക്കുകയും ചെയ്‌തു. സ്ഥലത്ത് സംഘർഷാവസ്ഥ നിയന്ത്രിക്കാൻ ശാന്തരായിരിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആഹ്വാനം ചെയ്‌തു. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തെ ഇന്റർനെറ്റ് ബന്ധം 24 മണിക്കൂറത്തേക്ക് വിച്ഛേദിച്ചിട്ടുണ്ട്. ഉദയ്‌പൂരിലെ മാൽദാസ് തെരുവിലാണ് സംഭവമുണ്ടായത്. അക്രമികൾ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ്നൽകി. സമാധാനത്തിനായി പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.

ബിജെപി മുൻവക്താവ് നൂപുർ ശർമ്മയെ അനുകൂലിച്ച് കനയ്യലാൽ കുറച്ച് ദിവസംമുൻപ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന്റെ പ്രതികാരണാണ് സംഭവമെന്നാണ് വിവരം. വിവാദ പോസ്‌റ്റിന്റെ പേരിൽ ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഒപ്പം കനയ്യലാലിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യംചെയ്‌തിരുന്നതായും വിവരമുണ്ട്. കൊലയാളികൾ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരായും ഭീഷണി മുഴക്കിയെന്നാണ് സൂചന.