ട്രെയിനിൽ 16കാരിക്ക് ഉപദ്രവം: പ്രതികൾ മൊബൈൽഫോൺ ഓഫാക്കി ഒളിവിൽ

Wednesday 29 June 2022 2:27 AM IST

കൊച്ചി: ട്രെയിനിൽ പതിനാറുകാരിയെ ഉപദ്രവിക്കുകയും ഇത് ചോദ്യംചെയ്ത ദളിത്‌ കോൺഗ്രസ് നേതാവായ പിതാവിനെയും സഹയാത്രികനെയും മർദ്ദിക്കുകയും ചെയ്‌ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസിന് പിടികൂടാനായില്ല. സീസൺ ടിക്കറ്റുകാരായ പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുമില്ല. എറണാകുളത്ത് ജോലിചെയ്യുന്ന തൃശൂർ സ്വദേശികളാണ് പ്രതികൾ.

മൊബൈൽഫോണുകൾ സ്വിച്ച്ഓഫാക്കി ഇവർ ഒളിവിലാണ്. ഇവരുടെ അവസാന ഫോൺകാൾ വിവരങ്ങൾ ശേഖരിച്ച പൊലീസ് ഒടുവിൽ സംസാരിച്ചവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരിലൂടെ പ്രതികളുടെ ഒളിസങ്കേതം കണ്ടെത്താനാണ് നീക്കം. എറണാകുളം സൗത്ത് റെയിൽവേ പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂർ സ്‌പെഷ്യൽ (പാസഞ്ചർ) ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷൻ പിന്നിട്ടതോടെയാണ് അഞ്ചംഗസംഘം പെൺകുട്ടിയെ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തത്. ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് പിതാവിനും മലപ്പുറം സ്വദേശിയായ സഹയാത്രക്കാരനും മർദ്ദനമേറ്റത്. പ്രതികൾ പിന്നീട് ഇരിങ്ങാലക്കുടവരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇറങ്ങിപ്പോയിരുന്നു. പോക്‌സോ, ട്രെയിനിൽ അടിപിടി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. തൃശൂർ റെയിൽവെ പൊലീസ് രജിസ്റ്റർചെയ്ത കേസ് എറണാകുളം സൗത്ത് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.