ജി.എസ്.ടി: നികുതി ഏകീകരണ ശുപാർശ അംഗീകരിച്ചു

Tuesday 28 June 2022 11:47 PM IST

ന്യൂഡൽഹി: വിവിധ ഉത്പന്നങ്ങളുടെ നികുതി ഏകീകരണവുമായി ബന്ധപ്പെട്ട് ഉപസമിതി നൽകിയ ശുപാർശകൾ ചണ്ഡിഗഡിൽ ഇന്നലെ തുടങ്ങിയ രണ്ടു ദിവസത്തെ ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചു. നികുതി വരുമാന നഷ്‌ടം നികത്താൻ ജി.എസ്.ടി നഷ്‌ടപരിഹാര സെസ് ഏതാനും വർഷത്തേക്കുകൂടി നീട്ടാൻ വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. അതേസമയം ചൂതാട്ട കേന്ദ്രങ്ങൾ, കുതിരയോട്ടം, ഓൺലൈൻ ഗെയിമുകൾ അടക്കം വിനോദങ്ങൾക്ക് 28ശതമാനം ജി.എസ്.ടി ചുമത്താൻ കൗൺസിൽ യോഗം തീരുമാനിച്ചേക്കും. യോഗ തീരുമാനങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.

പ്രിന്റിംഗ്, എഴുത്ത് മഴി, എൽ.ഇ.ഡി ലൈറ്റ്, സോളാർ വാട്ടർ ഹീറ്റർ, ലെതർ ഉൽപന്നങ്ങൾ, സർക്കാർ കരാർ സേവനങ്ങൾ, ടെക്‌സ്റ്റൈൽസ് ജോലികൾ തുടങ്ങിയവയുടെ നികുതി ഏകീകരണം സംബന്ധിച്ച് മഹാരാഷ്‌ട്ര ധനമന്ത്രി അജിത് പവാർ അദ്ധ്യക്ഷനായ ഉപസമിതി നൽകിയ ശുപാർശയാണ് ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചത്.