'സ്നേഹ വീടിന്റെ' താക്കോൽ അഖിലയ്ക്ക് കൈമാറി

Wednesday 29 June 2022 2:58 AM IST

തിരുവനന്തപുരം: 'ഇപ്പോഴാണ് സുരക്ഷിതയായത്. ഏതു നിമിഷവും തകർന്നു വീഴാവുന്ന മൺവീട്ടിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാൻ കഴിഞ്ഞിരിക്കുന്നു. കേരളകൗമുദിയോട് എന്നും നന്ദിയുണ്ടായിരിക്കും. പിന്നെ ഈ വീട് യാഥാർത്ഥ്യമാക്കിയ സി.പി.എമ്മിനോടും..' മംഗലപുരം കൈലാത്തുകോണം കുറക്കടയിലെ അലപ്പുറത്തെ പുതിയ വീടിന്റെ ഉമ്മറത്തിരുന്ന് ഇങ്ങനെ പറയുമ്പോൾ അഖിലയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കമുണ്ടായിരുന്നു.ആ സന്തോഷത്തിൽ മാതാവ് സിന്ധുവും പിതാവ് സുനിൽകുമാറും പങ്കുചേർന്നു.

സംസ്ഥാന ഖോ-ഖോ സീനിയർ ടീമിലും കോഴിക്കോട് സർവകലാശാല ടീമിലും അംഗമായ അഖിലയുടെ ദുരിതം കഴിഞ്ഞ ജൂലായ് 21ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് സി.പി.എം മംഗലപുരം ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും മുൻകൈയെടുത്ത് ഒരു വ‌ർഷത്തിനുള്ളിൽ 650 ചതുരശ്ര അടിയിലുള്ള വീട് നിർമ്മിച്ചു നൽകിയത്.

ഇന്നലെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.അജയകുമാർ, ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി എന്നിവർ ചേർന്ന് അഖിലയ്ക്ക് വീടിന്റെ താക്കോൽ കൈമാറി. തുടർന്ന് നടന്ന പൊതുസമ്മേളനം മുൻമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സി.പി.എം മംഗലപുരം ലോക്കൽ കമ്മിറ്രി സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ അബ്ദുൾസലാം, കൺവീനർ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

''പാവപ്പെട്ടവരോടുള്ള സി.പി.എമ്മിന്റെ പ്രതിബദ്ധത കാരണമാണ് കേരളകൗമുദിയിൽ വാർത്ത വന്ന ഉടനെ അഖിലയ്ക്ക് സ്നേഹവീടൊരുക്കാൻ പാർട്ടി രംഗത്തിറങ്ങിയത്. സമയബന്ധിതമായി വീടുപണി പൂർത്തിയാക്കി കായികതാരത്തിന് കൈമാറിയ പാർട്ടി പ്രവർത്തകരെ അഭിനന്ദിക്കുന്നു.

- എം.എം.മണി,​ മുൻമന്ത്രി