ഉമ്മവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ  ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ക്രൂരത ഒന്നരവയസുകാരന്റെ കൺമുന്നിൽ 

Wednesday 29 June 2022 9:58 AM IST

മണ്ണാർക്കാട്: വാക്ക് തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മണ്ണാർക്കാട് പള്ളിക്കുറുപ്പിൽ കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ അവിനാശിന്റെ ഭാര്യ ദീപിക (28) ആണ് മരിച്ചത്. പ്രതി അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. പല്ലുതേയ്ക്കാതെ മകനെ ഉമ്മവയ്‌ക്കേണ്ടെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ഏക മകൻ ഐവിന്റെ മുന്നിൽവച്ചായിരുന്നു ദീപികയെ അവിനാശ് വെട്ടിവീഴ്ത്തിയത്. കഴുത്തിലും കൈയ്യിലും കാലിനും ഗുരുതരമായി പരിക്കേറ്റ ദീപികയെ നാട്ടുകാരെത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസുള്ള മകൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഭാര്യയെ വെട്ടാനുപയോഗിച്ച കൊടുവാളും കൈയിൽപിടിച്ച് സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു. നാട്ടുകാരാണ് അവിനാശിനെ പൊലീസിൽ ഏൽപ്പിച്ചത്.

കോയമ്പത്തൂർ സ്വദേശിനിയാണ് ദീപിക. വർഷങ്ങളായി ബംഗളൂരുവിൽ താമസിച്ചിരുന്ന ദമ്പതികൾ രണ്ടുമാസം മുമ്പാണ് നാട്ടിലേക്ക് താമസം മാറിയത്. അഗ്നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാശ് . ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായും ചികിത്സതേടിയിരുന്നതായും ബന്ധുക്കൾ പറയുന്നു.