പ്രതീക്ഷകൾ തെറ്റിച്ച് വേനൽ മഴ. നെല്ല് സംഭരണത്തിൽ പതിനായിരം ടൺ ഇടിവ്.

Thursday 30 June 2022 12:16 AM IST

കോട്ടയം . അതിശക്തമായി പെയ്ത വേനൽ മഴയ്ക്കിടെയുള്ള നെല്ല് സംഭരണം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ പതിനായിരം ടണ്ണിന്റെ കുറവ്. സംഭരണത്തിനായി രജിസ്റ്റർ ചെയ്ത പാടശേഖരങ്ങളിൽ 66 പാടങ്ങൾ കൊയ്യാൻ കഴിഞ്ഞില്ല. മഴയിൽ വെള്ളംകയറി ഇവിടുത്തെ നെല്ല് പൂർണമായും നശിച്ചിരുന്നു. സപ്ലൈകോയുടെ കണക്കനുസരിച്ച് 720 ഹെക്ടറിലെ കൃഷി കൊയ്‌തെടുക്കാൻ കഴിയാതെ നശിച്ചു. മഴമൂലം ഭാഗികമായി ചില പാടശേഖരങ്ങളിലെ വിളവും നശിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി നെല്ല് ഉത്പാദനം വർദ്ധിക്കുകയായിരുന്നു പതിവ്. കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, വെച്ചൂർ, തലയാഴം,പായിപ്പാട്, നാട്ടകം, കല്ലറ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി സംഭരണം നടന്നിരിക്കുന്നത്.

കൂടുതൽ നാശം ചങ്ങനാശേരിയിൽ.

ചങ്ങനാശേരി താലൂക്കിലാണ് മഴ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. നെല്ല് പൂർണമായും നശിച്ച പാടശേഖരങ്ങൾ അധികവും ഈ പ്രദേശങ്ങളിലാണ്. കഴിഞ്ഞ തവണ രണ്ടുകൃഷിയിൽ നിന്നുമായി 73139 ടൺ നെല്ലാണ് സംഭരിച്ചത്. എന്നാൽ, ഇത്തവണ ഇതുവരെ 64278 ടൺ നെല്ല് മാത്രമാണ് മില്ലുകൾ സംഭരിച്ചിരിക്കുന്നത്.

കൂടുതൽ സംഭരിച്ചത് തിരുവാർപ്പിൽ.

ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് തിരുവാർപ്പ് ജെ ബ്ലോക്ക് പാടശേഖരത്തിൽ നിന്നാണ്. 2900 ടണ്ണാണ് ഇവിടുത്തെ മാത്രം സംഭരണം. തിരുവാർപ്പ് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഇത്തവണ വിവിധ സമയങ്ങളിലായിട്ടായിരുന്നു കർഷകർ വിതയിറക്കിയത്. ഇതുമൂലമാണ് വിളവെടുപ്പ് വൈകിയത്.

സംഭരിച്ചത് 18 മില്ലുകൾ.

പുഞ്ച കൃഷി 12374.512 ഹെക്ടർ.

Advertisement
Advertisement