മമ്മൂട്ടിയും അമല പോളും ഒരുമിക്കുന്നു,​ സംവിധാനം ബി. ഉണ്ണിക്കൃഷ്ണൻ

Thursday 30 June 2022 6:29 AM IST

റോഷാക്ക് പൂർത്തിയായശേഷം മമ്മൂട്ടി ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ ജോയിൻ ചെയ്യും

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അമല പോൾ. മമ്മൂട്ടിയും അമല പോളും ഇതാദ്യമായാണ് ഒരുമിക്കുന്നത്. മഞ്ജു വാര്യർക്ക് നിശ്ചയിച്ചിരുന്ന വേഷമാണ് അമല പോൾ അവതരിപ്പിക്കുന്നതെന്നാണ് വിവരം. ബോളിവുഡ് താരം രവീണ ടൻണ്ടൻ ആണ് ചിത്രത്തിലെ മറ്റൊരു താരം. രവീണ ടൻണ്ടന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് . സിദ്ദിഖ് ആണ് മറ്റൊരു താരം. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യൂളിൽ അഭിനയിച്ചുവരികയാണ് മമ്മൂട്ടി.നാലുദിവസത്തെ ദുബായ് ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാവും. റോഷാക്കിന് ശേഷം മമ്മൂട്ടി ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ ജോയിൻ ചെയ്യും. ജൂലായ് 15ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് ഉദയകൃഷ്ണ രചന നിർവഹിക്കുന്നു. ബി. ഉണ്ണിക്കൃഷ്ണന്റെ മോഹൻലാൽ ചിത്രം ആറാട്ടിന്റെ രചന നിർവഹിച്ചതും ഉദയകൃഷ്ണ ആയിരുന്നു. പ്രമാണി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും ബി. ഉണ്ണിക്കൃഷ്ണനും നേരത്തെ ഒന്നിച്ചിരുന്നു. സ്നേഹ ആയിരുന്നു നായിക. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഇരുവരും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.അതേസമയം പൃഥ്വിരാജിന്റെ ബ്ളെസി ചിത്രം ആടുജീവിതത്തിലും അമലപോൾ ആണ് നായിക. അതിരനുശേഷം വിവേക് രചനയും സംവിധാനവും നിർവഹിക്കുന്ന ദ് ടീച്ചർ എന്ന ചിത്രവും മലയാളത്തിൽ അമല പൂർത്തിയാക്കിയിട്ടുണ്ട്.

Advertisement
Advertisement