സുന്ദര ഹാജരായി; മഞ്ചേശ്വരം കോഴക്കേസ് വാദം ജൂലായ് 11ലേക്ക് മാറ്റി

Wednesday 29 June 2022 11:23 PM IST

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി നേതാവിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കെ.സുന്ദര ഇന്നലെ രാവിലെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. കേസിലെ അഞ്ചാം പ്രതിയായ ബി.ജെ.പി മുൻ ജില്ലാപ്രസിഡന്റ് അഡ്വ.വി ബാലകൃഷ്ണ ഷെട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നതിന്റെ ഭാഗമായി കേസിലെ പ്രധാന സാക്ഷിയായ കെ സുന്ദര ജൂൺ 29 ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു.

മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയും കോഴ നൽകിയും നാമനിർദേശപത്രിക പിൻവലിപ്പിച്ചെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെ പട്ടികജാതിപട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. പിന്നീടാണ് സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

Advertisement
Advertisement