ശാശ്വതികാനന്ദയുടെ മതാതീതദർശനം

Thursday 30 June 2022 12:15 AM IST

സ്വാമി ശാശ്വതികാനന്ദയുടെ

ഇരുപതാം സമാധി ദിനം നാളെ

..........................

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരുവിന് പ്രിയങ്കരനായ ഒരു ചാക്കോ ഉണ്ടായിരുന്നു. ഗുരുവിന് കൂടുതൽ ഇഷ്ടമാകുമെന്ന് കരുതി ഒരു ദിവസം ചാക്കോയെ ഹിന്ദു പേര് നൽകി വേഷവും മാറ്റി ഗുരുസമക്ഷം കൊണ്ടിരുത്തി. എന്നാൽ ഗുരു യാതൊരു പരിചയവും കാണിച്ചില്ല. ''ഇത് നമ്മുടെ പഴയ ചാക്കോയാണെന്ന്" ഏതാനും സ്വാമിമാർ ഗുരുവിനെ ഉണർത്തിച്ചു. ''നമ്മോടൊപ്പം നിൽക്കാൻ ചാക്കോ പേരും, വേഷവും, മതവും മാറേണ്ടതില്ലെന്ന്" ഗുരു പ്രതിവചിച്ചു. ഗുരുവിന്റെ മതാതീത ദർശനത്തിന് ഇതുപോലെ അനേകം ദൃഷ്ടാന്തങ്ങളുണ്ട്.

മതാധിഷ്ഠിതമായ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് ഗുരുദർശനത്തിന്റെ മതാതീത ആത്മീയതയുടെ മാനങ്ങൾ കണ്ടെത്തി വിളംബരം ചെയ്തതും ജനഹൃദയങ്ങളിൽ പകർത്തിയതും ശാശ്വതികാനന്ദ സ്വാമികളായിരുന്നു. ജാതിമത വൈരുദ്ധ്യങ്ങളാൽ മലിനമായ കേരളത്തെ പ്രബുദ്ധ കേരളമാക്കാൻ ഗുരു നൽകിയ ഒറ്റമൂലികളിൽ പ്രധാനമായ മതാതീത ആത്മീയതയ്‌ക്ക് പ്രചുരപ്രചാരം നല്‌കിയത് സ്വാമികളാണ്. ഗുരുദർശനത്തിന്റെ ഗരിമ തിരിച്ചറിഞ്ഞ് ലോകനിലവാരത്തിലെത്തിക്കാൻ മുന്നിൽ നിന്നത് നടരാജഗുരുവും സ്വാമി ശാശ്വതികാനന്ദയുമാണ്. ഇന്ന് ആ സ്ഥാനത്ത് സന്യാസിശ്രേഷ്ഠനും ശിവഗിരി ധർമ്മസംഘം പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദയാണുള്ളത്.

1950 ഫെബ്രുവരി 21ന് തിരുവനന്തപുരം മണക്കാട് കുത്തുകല്ലുംമൂട്ടിൽ ചെല്ലപ്പൻ - കൗസല്യ ദമ്പതിമാരുടെ മകനായി ജനിച്ച ശശിധരനാണ് ബ്രഹ്മാനന്ദസ്വാമികളിൽ നിന്ന് സന്യാസം സ്വീകരിച്ച് സ്വാമി ശാശ്വതികാനന്ദയായത്. 1982ൽ സ്വാമി ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറിയും 1984-ൽ ധർമ്മസംഘം പ്രസിഡന്റുമായി. ശാശ്വതികാനന്ദ സ്വാമി ആകാശവാണിയിൽ നടത്തിയ ശ്രദ്ധേയമായ പ്രഭാഷണ പരമ്പര ഗുരുവിന്റെ ദർശനമാലയെ അവലംബിച്ചായിരുന്നു. ദൈവദശകവും ആത്മോപദേശക ശതകത്തിലെ മതാതീത കാഴ്ചപ്പാടും സ്വാമിയെ സ്വാധീനിച്ചിരുന്നു.

സാമൂഹ്യ വിപ്ളവത്തിന് തിരികൊളുത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 1988 ലെ ശതവാർഷിക ആഘോഷം ഇന്ത്യ മുഴുവൻ ശ്രദ്ധിച്ച ചരിത്ര സംഭവമാക്കാൻ നേതൃത്വം നൽകിയത് സ്വാമി ശാശ്വതികാനന്ദയാണ്. പ്രധാനമന്ത്രി രാജീവ്ഗാന്ധിയും അന്തർദേശീയ പ്രശസ്തി നേടിയ ആത്മീയ ആചാര്യന്മാരും പങ്കെടുക്കുകയും ഗുരുദർശനത്തിന്റെ കാലികപ്രസക്തി ലോകോത്തരമാക്കുകയും ചെയ്തു.

സ്വാമി ശാശ്വതികാനന്ദ ട്രസ്റ്റ് മതാതീത ആത്മീയതയ്ക്ക് ആഗോള പ്രചാരം നൽകുന്നതോടൊപ്പം തലസ്ഥാന നഗരിയിൽ സ്വാമികളുടെ സ്മാരകവും മതാതീത ആത്മീയ കേന്ദ്രവും പടുത്തുയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ആലുവ അദ്വൈതാശ്രമ പരിസരത്ത് പെരിയാറിൽ ബ്രഹ്മലീനനായി സമാധിസ്ഥനായതിന് ഇരുപതാണ്ട് തികയുമ്പോൾ സ്വാമിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

സ്വാമി ശാശ്വതികാനന്ദ ട്രസ്റ്റ് പ്രസിഡന്റാണ് ലേഖകൻ ഫോൺ: 9567934095

Advertisement
Advertisement