പൂജപ്പുര ആയുർവേദ ആശുപത്രിയിൽ ലേബർ റൂം അടഞ്ഞിട്ട് രണ്ട് മാസം

Thursday 30 June 2022 12:16 AM IST

മലയിൻകീഴ്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ പൂജപ്പുര ആയുർവേദ ആശുപത്രിയിൽ രണ്ട് മാസമായി പ്രസവസംബന്ധമായ ലേബർ റൂം അടഞ്ഞുകിടക്കുകയാണ്. ആധുനിക രീതിയിലുള്ള ലേബർ റൂം ഉണ്ടായിട്ടും ഇക്കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ ഒരു പ്രസവം പോലും നടത്താൻ ആശുപത്രി അധികൃതർക്കായിട്ടില്ല. രണ്ട്

ഗൈനക്കോളജിസ്റ്റുകൾ, ഒരു പീഡിയാട്രീഷ്യൻ, ഒരു ആർ.എം.ഒ.നഴ്സ് തുടങ്ങി 26 പേർ പ്രസവസംബന്ധമായ കാര്യങ്ങൾക്ക് ആശുപത്രിയിലുണ്ട്. നിത്യേന വിവിധ ചികിത്സകൾ തേടി നിരവധി പേർ എത്തുന്നുണ്ടിവിടെ. എന്നാൽ പ്രസവസംബന്ധമായി ചികിത്സയിലിരിക്കേ ഡെലിവറി സമയത്ത് ആശുപത്രിയിലെത്തുമ്പോൾ റഫർ ചെയ്ത് വിടുകയാണെന്ന പരാതി വ്യാപകമായിട്ടുണ്ട്. പ്രസവത്തിന് മാത്രം 20 ബെഡ് ഈ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ഗൈനക് ഉൾപ്പെടെയുള്ളവർക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ വന്നുപോവുകയാണെന്നാണ് ആക്ഷേപം. രണ്ട് മാസമായി ഇവിടെ ഡെലിവറി നടത്താത്തതെന്തെന്ന് ഇതുവരെ ആശുപത്രി സൂപ്രണ്ട് ബന്ധപ്പെട്ടവരോട് അന്വേഷിക്കുകയോ വിശദീകരണമോ ചോദിച്ചിട്ടില്ലത്രേ. ഈ ആയുർവേദ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര നൃത്താലയമെന്നറിയപ്പെടുന്ന ഈ ആശുപത്രിയിൽ, പഞ്ചകർമ്മ, ഓട്ടിസം എന്നിവയും പ്രസവത്തിനും ആശ്രയിച്ചിരുന്നിടമാണ്. സർക്കാരിൽ നിന്ന് എല്ലാവിധ സംവിധാനങ്ങളും ഉണ്ടായിട്ടും ആശുപത്രിയിൽ ചികിത്സ നിഷേധിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

മലയിൻകീഴ്, കാട്ടാക്കട, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ളവരും നഗരസഭയുടെ വിവിധ വാർഡുകളിലുള്ളവരും ചികിത്സയ്ക്ക് എത്തുറുണ്ട്. പ്രസവ സംബന്ധമായ ചികിത്സയ്ക്കും പ്രസവത്തിനുമായി നേരത്തെ നിരവധി പേരെത്തിയിരുന്നിടമാണ്. ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച അഞ്ച് നിലയിലുള്ള കെട്ടിടത്തിൽ പേ വാർഡ്, ജനറൽ വാർഡ് തുടങ്ങി എല്ലാവിധ സംവിധാനവുമുണ്ട്. സംസ്ഥാനത്ത് ഇത്രയും നൂതത സംവിധാനമുള്ള ലേബർ റൂമുള്ളത് പൂജപ്പുര ആയു‌ർവേദ ആശുപത്രിയിലാണ്. എന്നാൽ ലേബർ റൂമിപ്പോൾ അടഞ്ഞ് കിടക്കുകയാണ്. തുടക്കം മുതൽ ഒൻപത് മാസം വരെ ഈ ആശുപത്രിയുടെ ചികിത്സയിലായിരുന്ന തഹസീൽദാരുടെ മകൾ പ്രസവത്തിന് എത്തിയപ്പോൾ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്തതാണ് ഒടുവിലത്തെ സംഭവം.

Advertisement
Advertisement