മംഗൾ പാണ്ഡെ

Thursday 30 June 2022 12:35 AM IST

മംഗൾ പാണ്ഡെ

1827 - 1857

ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള ആദ്യ പോരാട്ടമായ 1857- ലെ ശിപായി ലഹളയിലെ ധീരനായകൻ. ബംഗാൾ ആർമിയിൽ സൈനികനായിരിക്കെ ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചേല്പിക്കാൻ ശ്രമിച്ച ഇന്ത്യാ വിരുദ്ധ നയങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ദേശാഭിമാനി. സൈനിക ഓഫീസർമാരെ ആക്രമിച്ചതിന് വിചാരണ ചെയ്യപ്പെടുകയും 1857 ഏപ്രിൽ എട്ടിന്, 29-ാം വയസിൽ തൂക്കിലേറ്റപ്പെടുകയും ചെയ്തു.

ഉത്തർപ്രദേശിലെ ഫൈസാബാദിനടുത്ത് ലളിത്പൂർ ഗ്രാമത്തിൽ ഭൂപ്രഭുക്കളായ ബ്രാഹ്മണ കുടുംബത്തിൽ ജനനം. 1849- ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സേനയിൽ ചേർന്നു. സൈന്യത്തിനു ബാധകമായ പല നിയമങ്ങളും തന്റെ മതവിശ്വാസത്തിനു വിരുദ്ധമെന്നു തിരിച്ചറിഞ്ഞതോടെ പാണ്ഡെയുടെ ആത്മസംഘർഷങ്ങൾക്കു തുടക്കം. പാണ്ഡെ ബാരക്പൂർ താവളത്തിൽ സേവനമനുഷ്ഠിക്കുന്ന കാലത്താണ് പുതിയ എൻഫീൽഡ് റൈഫിളുകൾ സൈന്യത്തിന്റെ ഭാഗമാക്കിയത്.

പന്നി നെയ്യോ പശുവിൻ നെയ്യോ പുരട്ടിയ തിരകളായിരുന്നു തോക്കിന്റെ പ്രത്യേകത. തോക്കിൽ നിറയ്ക്കുന്നതിന് ഈ തിരകൾ സൈനികർക്ക് കടിച്ചു വലിക്കേണ്ടിയിരുന്നതിനെ ചൊല്ലിയായിരുന്നു പ്രതിഷേധം. മൃഗക്കൊഴുപ്പ് പുരട്ടിയ തിരകൾക്കു പിന്നിൽ,​ ഇന്ത്യൻ സൈനികരുടെ മതവിശ്വാസത്തെ അവഹേളിക്കുകയെന്ന ബ്രിട്ടീഷ് ധിക്കാരമാണെന്നു തിരിച്ചറിഞ്ഞതോടെ പാണ്ഡെയുടെ നേതൃത്വത്തിൽ സൈനികർ സംഘടിച്ചു.

ബ്രിട്ടീഷ് സൈനിക ഓഫീസർമാരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അവർക്കു നേരെ നിറയൊഴിച്ച പാണ്ഡെയ്ക്ക് ലക്ഷ്യം പിഴച്ചു. ബ്രിട്ടീഷുകാരുടെ കൈയാൽ മരിക്കുന്നത് ഒഴിവാക്കാൻ മംഗൾ പാണ്ഡെ സ്വയം നിറയൊഴിച്ചെങ്കിലും ശ്രമം ഫലിച്ചില്ല. മുറിവേറ്റു വീണ പാണ്ഡെ അറസ്റ്റിലാവുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. ധീരനായകന്റെ ജീവിതം നിരവധി സിനിമകൾക്കു വിഷയമായി.

LEAD

1984-ൽ ഇന്ത്യാ ഗവൺമെന്റ് മംഗൾ പാണ്ഡെയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

Advertisement
Advertisement