108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചു
Thursday 30 June 2022 12:36 AM IST
ചേർത്തല: 108 ആംബുലൻസ് ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ചു നൽകാൻ ചർച്ചയിൽ തീരുമാനമായതായി ജീവനക്കാരുടെ സംഘടനാ നേതാക്കൾ അറിയിച്ചു. സി.ഐ.ടി.യു നേതാക്കളും ജി.വി.കെ.ഇ.എം.ആർ.ഐ കമ്പനിയുടെ ചുമതലക്കാരനും തമ്മിൽ നടത്തിയ ചർച്ചയിലാണ് 7 ശതമാനം വർദ്ധനവോടെ 2022 എപ്രിൽ മുതൽ മുൻകാല പ്രബാല്യത്തോടെ വർദ്ധനവ് നടപ്പാക്കിയത്. സെപ്തംബറിന് മുമ്പ് പുതിയ ശമ്പളം വിതരണം ചെയ്യും. നഴ്സിന് 1465 രൂപയും ഡ്രൈവർക്ക് 1230 രൂപയുടെയും വർദ്ധനവ് ഇതോടെ ഉണ്ടാകും. ശമ്പള വർദ്ധനവിന്റെ അടിസ്ഥാനത്തിൽ ഇ.എസ്.ഐ ആനൂകൂല്യം നഷ്ടപ്പെടുന്ന നഴ്സുമാർക്ക് അർഹമായ മെഡിക്ലെയിം പരിരക്ഷ നൽകുമെന്ന് കമ്പനി ഉറപ്പു നൽകിയതായി യൂണിയൻ പ്രസിഡന്റ് കെ.സി.ശ്രീകുമാർ,ജനറൽ സെക്രട്ടറി വി.ആർ.രാജീസ് എന്നിവർ അറിയിച്ചു.