മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും മോഷ്‌ടാക്കളുടെ താവളം

Thursday 30 June 2022 2:53 AM IST

തിരുവനന്തപുരം: സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണം പതിവായിട്ടും പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ആശുപത്രിക്ക് പുറത്ത് വാഹനമോഷണമാണെങ്കിൽ ആശുപത്രിക്കകത്ത് മരുന്നും പണവും മൊബൈൽ ചാർജറും വരെ അടിച്ചുമാറ്റുന്ന സ്ഥിതിയാണ്. ഡോക്‌ടർമാരും വ്യാജ ഡോക്‌ടർമാരും ഏതെന്നുപോലും രോഗികൾക്ക് അറിയാനാകാത്ത അവസ്ഥയാണ്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഡോക്‌ടറെന്ന വ്യാജേന രണ്ടുപേരാണ് പാവപ്പെട്ട രോഗികളിൽ നിന്ന് പണം കൈക്കലാക്കിയത്. സംസ്ഥാനത്തെ ഏറ്രവും വലിയ ആശുപത്രിയായിട്ടും ഇവിടെ സുരക്ഷാവിഭാഗം നിർജീവമെന്നാണ് ആക്ഷേപം. ഒ.പിയും അത്യാഹിത വിഭാഗവും കടന്ന് ഓപ്പറേഷൻ തിയേറ്റർ വരെ നീളുന്ന മോഷണ പരമ്പരയ്‌ക്ക് തടയിടാൻ വർഷമിത്ര കഴിഞ്ഞിട്ടും അധികൃതർ മെനക്കെട്ടിട്ടില്ല.

രാത്രി മോഷണം സജീവം

രാത്രികാലങ്ങളിലാണ് ആശുപത്രിക്കുള്ളിലും പരിസരത്തും മോഷണം സജീവമാകുന്നത്. പകൽ സമയത്ത് ആശുപത്രിക്കുള്ളിൽ കടന്നുകൂടുന്നവർ രാത്രിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളിൽ നിലയുറപ്പിക്കും. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവർ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാകും ഇവർ കളത്തിലിറങ്ങുന്നത്. ബാഗിലെ പണം, മൊബൈൽ ഫോൺ, ചാർജർ അടക്കമുള്ളവയാകും മോഷ്‌ടിക്കുക. അത്യാഹിത വിഭാഗത്തിനരികെയും എസ്.എ.ടി കാമ്പസിലുമാണ് മോഷണം കൂടുതലും നടക്കുന്നത്. ഇവിടങ്ങളിൽ കൂട്ടിരിപ്പുകാരാണ് ഇരയാകുന്നത്.

ഇടവേളയില്ലാത്ത വാഹനമോഷണം

ആശുപത്രി പരിസരത്ത് ജീവനക്കാരുടെ ഇരുചക്ര വാഹനങ്ങൾ വരെ പട്ടാപ്പകൽ മോഷ്‌ടിക്കുന്നത് സജീവമാണ്. ദിവസവും പതിനായിരത്തിലധികം ഇരുചക്ര വാഹനങ്ങൾ വന്നുപോകുന്ന പ്രദേശത്ത് പാർക്കിംഗ് ഏരിയ പണിയാനുള്ള മനസുപോലും അധികൃതർക്കില്ല. റോഡിനോട് ചേർന്നുള്ള ഡെന്റൽ കോളേജിൽ പോലും നിന്ന നില്പിൽ വാഹനം കളവ് പോകുന്നത് പതിവാണ്.

കൃത്രിമ കാൽ വരെ

അടിച്ചുമാറ്റും

കുറച്ചുകാലം മുമ്പ് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് കൃത്രിമ കാൽ മോഷ്‌ടിച്ച് കടത്തിയത് അവിടത്തെ ജീവനക്കാരനായിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെയും സെന്റർ ഡയറക്‌ടറെയും മന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് അന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പാവപ്പെട്ടവരെ ഭീഷണിപ്പെടുത്തും

ബന്ധുക്കളായ രോഗികളെ കാണാൻ പാസെടുത്ത് കാത്തുനിന്നാൽ മാത്രം പോരാ സെക്യൂരിറ്റി ഏമാന്മാരുടെ ഭീഷണിയും തെറിയും വിരട്ടലുമൊക്കെ സഹിക്കേണ്ടിവരും. അനധികൃതമായാണ് ആശുപത്രിയിലെ സെക്യൂരിറ്റിമാരിൽ പലരെയും നിയമിച്ചിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. എന്തെങ്കിലും മോഷണം പോയ ശേഷം പരാതിപ്പെട്ടാലും വിചിത്രമായ മറുപടിയായിരിക്കും ഇവരുടെ ഭാഗത്തുനിന്നുണ്ടാകുക.

പ്രവർത്തിക്കാത്ത സി.സി ടിവി

ആശുപത്രിയുടെ ഭൂരിപക്ഷം ഭാഗത്തും സി.സി ടിവി പ്രവർത്തന രഹിതമാണ്. നിങ്ങൾ സി.സി ടിവി നിരീക്ഷണത്തിലാണെന്ന ബോർഡുണ്ടെങ്കിലും അവയിൽ പലതും പ്രവർത്തിക്കാറില്ലെന്നതാണ് വാസ്തവം. ഇതാണ് മോഷ്‌ടാക്കൾക്ക് ആയുധമാകുന്നത്. ഓരോ സംഭവം നടക്കുമ്പോഴും കൂടുതൽ സി.സി ടിവികൾ സ്ഥാപിക്കുമെന്ന് ജനപ്രതിനിധികൾ വാഗ്ദാനം ചെയ്യുമെന്നല്ലാതെ ഒന്നും നടപ്പിലാകാറില്ല. ആവശ്യത്തിന് സി.സി ടിവികൾ ഇല്ലാത്തതാണ് മെഡിക്കൽ കോളേജ് പൊലീസും നേരിടുന്ന പ്രധാന വെല്ലുവിളി.

Advertisement
Advertisement