പ്രതിഷേധം കെട്ടടങ്ങുന്നു അഗ്നിപഥ് മുന്നോട്ട്  വായുസേനയിൽ രജിസ്ട്രേഷൻ രണ്ട് ലക്ഷം കടന്നു

Thursday 30 June 2022 5:18 AM IST

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധ സമരങ്ങൾ കെട്ടടങ്ങുമ്പോൾ പദ്ധതിയുമായി സേനകൾ അതിവേഗം മുന്നോട്ടു പോവുകയാണ്. യുവാക്കൾ പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് രജിസ്റ്റർ ചെയ്തവരുടെ കണക്കുകൾ വ്യക്തമാക്കുന്നതായി സേനാ വൃത്തങ്ങൾ.

വായുസേനയിൽ മാത്രം ആറു ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്. ജൂൺ 14 ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മുന്ന് സേനാ മേധാവികളും ചേർന്ന് അഗ്നിപഥ് പ്രഖ്യാപിച്ചപ്പോൾ രാജ്യത്ത് പൊടുന്നനെ പദ്ധതിക്കെതിരായി വലിയ തോതിൽ അക്രമ സമരം അരങ്ങേറി. കോടികൾ നഷ്ടമുണ്ടാക്കിയ സമരം രാഷ്ട്രീയ പാർട്ടികളുടെയോ പ്രധാന സംഘടനകളുടെയോ നേതൃത്വത്തിലായിരുന്നില്ല ആസൂത്രണം ചെയ്തത്. സമരത്തിന് പിന്നിൽ കോച്ചിംഗ് സ്ഥാപനങ്ങളുടെ വ്യക്തമായ പങ്ക് രഹസ്യാന്വേഷണ ഏജൻസികളും പൊലീസും ചേർന്ന് കണ്ടെത്തി.

സമരം അടിച്ചമർത്താൻ ശ്രമിക്കാതെ വിശദീകരണവുമായി സർക്കാർ മെഷിനറി രംഗത്തിറങ്ങി. സൈനികകാര്യ വകുപ്പ് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ ബോദ്ധ്യപ്പെടുത്താൻ വസ്തുതകളുമായി രംഗത്തിറങ്ങി.

സൈനിക കാര്യവകുപ്പ് അഡിഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരിയുടെ നേതൃത്വത്തിൽ മൂന്ന് സേനകളുടെയും ഉന്നത വൃത്തങ്ങൾ 19 നും 21 നും മാദ്ധ്യമങ്ങളെ കണ്ടു.

വലിയ തോതിലുള്ള പ്രേരണ കൊണ്ടും അജ്ഞത കൊണ്ടുമാണ് യുവാക്കൾ സമരത്തിനിറങ്ങിയതെന്ന് സേനാ അധികൃതർ വിശദീകരിച്ചു. നിക്ഷിപ്ത താത്പര്യക്കാരെ കണ്ടെത്തി പുറത്തു കൊണ്ടു വരാൻ സേനകളും സർക്കാർ കേന്ദ്രങ്ങളും തയ്യാറായി. കോച്ചിംഗ് സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന അക്രമ സമരം പുറത്ത് കൊണ്ടു വരികയും തിരശ്ശീലക്ക് പിന്നിലുള്ള സ്ഥാപന ഉടമകളെ പിടികൂടുകയും ചെയ്തു. ഇതോടെ പ്രതിഷേധം വന്ന വേഗത്തിൽ അവസാനിപ്പിക്കാനായതായി സേനാവൃത്തങ്ങൾ അവകാശപ്പെട്ടു.

നേട്ടങ്ങൾ

വിശദീകരിച്ച് സേനകൾ

അഗ്നിവീറുകളുടെ പരിശീലനമടക്കമുള്ള കാലയളവിൽ വിദ്യാഭ്യാസം മുടങ്ങില്ലെന്നും വ്യത്യസ്തമായ രീതിയിൽ നടക്കുന്ന പരിശീലനത്തെ തുടർന്ന് വലിയ തോതിലുള്ള ആധുനിക സാങ്കേതിക വൈദഗ്ദ്ധ്യം അഗ്നിവീറുകൾക്ക് ലഭിക്കുമെന്ന വാഗ്ദാനവും പദ്ധതിയോട് കൂടുതൽ അടുക്കാൻ യുവാക്കൾക്ക് പ്രചോദനമായി. 21 വയസ്സിനകം ലഭ്യമാകാൻ പോകുന്ന നേട്ടങ്ങളും സമ്പാദ്യവുമൊക്കെ ചൂണ്ടിക്കാട്ടി പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ സേനകൾക്ക് കഴിഞ്ഞു. കേന്ദ്ര പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിവിധ അർദ്ധസൈനിക സേനകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും മാത്രമല്ല ടാറ്റ, മഹീന്ദ്ര പോലുള്ള വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും നാല് വർഷത്തെ സേവനം കഴിയുമ്പോൾ ലഭിക്കുന്ന തൊഴിൽ വാഗ്ദാനങ്ങൾ വലിയ തോതിൽ യുവാക്കളെ സ്വാധീനിച്ചതായി റിക്രൂട്ട്മെന്റിനായി നടക്കുന്ന രജിസ്ടേഷൻ വ്യക്തമാക്കുന്നു.

സേനകളിലേക്ക് കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്മെന്റ് നടപടികളുണ്ടാകാത്തതിനാൽ അത്തരക്കാരുടെ പ്രതിഷേധം തണുപ്പിക്കാൻ അഗ്നിവീറുകളുടെ തിരഞ്ഞെടുപ്പിനുള്ള ഉയർന്ന പ്രായപരിധി 23 ആയി വർദ്ധിപ്പിച്ചതും സമരം കെട്ടടങ്ങാൻ ഒരു കാരണമായി.

Advertisement
Advertisement