ഇസ്രയേലിൽ യെയ്‌ർ ലാപിഡ് പ്രധാനമന്ത്രിയായേക്കും

Thursday 30 June 2022 6:21 AM IST

ടെൽ അവീവ് : ഇസ്രയേലിൽ പാർലമെന്റ് ഉടൻ പിരിച്ചുവിടും. പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ല് ചൊവ്വാഴ്ച പുലർച്ചെ പാർലമെന്റിലെ അംഗങ്ങൾ ഐക്യകണ്ഠേന പാസാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രാദേശിക സമയം, ബുധനാഴ്ച അർദ്ധരാത്രിയോടെ നിയമമായി മാറുന്ന ബില്ലാണിത്. ഇതോടെ നിലവിലെ വിദേശകാര്യ മന്ത്രി യെയ്‌ർ ലാപിഡ് കാവൽ പ്രധാനമന്ത്രിയാകും.

ബിൽ പ്രകാരം ഒക്ടോബർ 25നോ നവംബർ 1നോ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കും. കൂടുതൽ ചർച്ചകൾക്ക് ശേഷം അന്തിമ തീയതി നിശ്ചയിക്കും. മൂന്ന് വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇസ്രയേലിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. എട്ടു പാർട്ടികളടങ്ങുന്ന ഭരണമുന്നണി സഖ്യം പിരിച്ചുവിടാൻ പ്രധാനമന്ത്രി നഫ്താലി ബെന്ന​റ്റും യെയ്‌ർ ലാപിഡും കഴിഞ്ഞാഴ്ച ധാരണയായിരുന്നു.

അതേസമയം, നിലവിലെ പാർലമെന്റിൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ രൂപീകരിക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ഒടുവിൽ ബില്ല് അംഗീകരിക്കാൻ ധാരണയാവുകയായിരുന്നു. അതേസമയം, പുതിയ സർക്കാർ രൂപീകരിക്കണോ അതോ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകണോ എന്നതിൽ ബുധനാഴ്ച അർദ്ധരാത്രിയ്ക്ക് മുമ്പ് പാർലമെന്റിൽ അന്തിമ നടപടികളിലൂടെ ധാരണയാവും.

എട്ടു പാർട്ടികളടങ്ങുന്ന നഫ്താലി ബെന്നറ്റിന്റെ ഭരണ മുന്നണി സഖ്യത്തിന് ഏപ്രിലിൽ ഒരു പാർലമെന്റംഗം രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്നു. 120 അംഗ പാർലമെന്റിൽ ഭരണസഖ്യത്തിന് 61 സീറ്റുകളാണുണ്ടായിരുന്നത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് യമിന പാർട്ടി നേതാവായ നഫ്താലി ബെന്ന​റ്റ് അധികാരമേ​റ്റത്.

Advertisement
Advertisement