ആകാശത്തേക്ക് പറന്ന് ഹാംസ്റ്റർ

Thursday 30 June 2022 6:21 AM IST

ടോക്കിയോ : ബലൂണിൽ ആകാശത്തേക്ക് പറന്ന് കിലോമീറ്ററുകളോളം ഉയരത്തിൽ നിന്ന് ഭൂമിയെ കണ്ട് വിജയകരമായി തിരികെയെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു ഹാംസ്റ്റർ. ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്കാണ് ഹാംസ്റ്ററിനെ ബലൂണിൽ അയച്ചത്. ഭൗമോപരിതലത്തിൽ നിന്ന് 23 കിലോമീറ്റർ ഉയരത്തിൽ പറക്കാനുള്ള ഭാഗ്യമാണ് ഈ കുഞ്ഞ് ഹാംസ്റ്ററിന് ലഭിച്ചത്.

അതേ സമയം, ബലൂണിൽ ഘടിപ്പിച്ചിരുന്ന പ്രത്യേക ക്യാബിന്റെയുള്ളിലായിരുന്നു ഹാംസ്റ്ററിന്റെ യാത്ര. സപ്പോറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.കെ. ഇവായ ഗികെൻ എന്ന സ്പേസ് കമ്പനിയാണ് സിലിണ്ടർ ആകൃതിയിലുള്ള പ്രത്യേക സ്പേസ് ക്യാബിന്റെ പിന്നിൽ. ഹാംസ്റ്ററിന് സുഖമായി ഇരിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം.

ഈ മാസം ആദ്യം ഒകിനാവ പ്രവിശ്യയിലെ മിയാകൊജിമയിൽ നിന്നായിരുന്നു ബലൂണിന്റെ വിക്ഷേപണം. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ ഇത് 23 കിലോമീറ്റർ ഉയരത്തിലെത്തി. സെക്കന്റിൽ 6.3 മീറ്ററീയിരുന്നു വേഗത.

60 സെന്റീമീറ്റർ നീളവും 50 സെന്റീമീറ്റർ വീതിയുമുണ്ടായിരുന്ന ക്യാബിന്റെയുള്ളിൽ ഓക്സിജൻ, ചൂട്, മർദ്ദം എന്നിവ നിരീക്ഷിക്കാനുള്ള സെൻസറുകൾ സ്ഥാപിച്ചിരുന്നു. ക്യാബിനും ഹാംസ്റ്ററും ബലൂണും ജപ്പാനിലെ മിയാകോ ദ്വീപിന് സമീപത്തെ കടലിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം തിരികെ പതിച്ചത്.

ഇവിടെ സജ്ജമായിരുന്ന ഗവേഷക സംഘം ഹാംസ്റ്ററിനെ സുരക്ഷിതമായി പുറത്തെടുത്തു. നിലവിൽ ഹാംസ്റ്ററിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് കെ.കെ. ഇവായ ഗികെൻ അറിയിച്ചു. ഭാവിയിൽ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ മനുഷ്യനും ഇത്തരം യാത്രകൾ നടത്തുമെന്ന് കരുതുന്നതായി കമ്പനി വ്യക്തമാക്കി.

25 കിലോമീറ്റർ വരെ ഉയരത്തിൽ മനുഷ്യനെ എത്തിക്കാനുള്ള ഒരു പദ്ധതി കമ്പനിയ്ക്കുണ്ട്. എലികളുടെ കുടുംബത്തിൽപ്പെട്ട കൈക്കുമ്പിളിൽ ഒതുങ്ങുന്നത്ര വലിപ്പമുള്ള ജീവികളാണ് ഹാംസ്റ്ററുകൾ. ഇവയെ അരുമകളായി വളർത്തുന്നവർ ഏറെയാണ്.

 ഭൂമിയും കടന്നവർ

ജപ്പാനിലെ ഹാംസ്റ്റർ ഭൂമിയ്ക്ക് അപ്പുറത്തേക്ക് സഞ്ചരിച്ചിട്ടില്ല. എന്നാൽ, അതിന്റെ പേരിൽ ചരിത്രം കുറിച്ച ഏതാനും ജീവികളുണ്ട്. ബഹിരാകാശത്തിനപ്പുറം പറക്കാനുള്ള മനുഷ്യന്റെ ഗവേഷണങ്ങളുടെ തുടക്കം മൃഗങ്ങളിലൂടെയാണ്. 1783ൽ ആദ്യമായി ഹോട്ട് എയർ ബലൂൺ പറന്നുയർന്നപ്പോൾ അതിനുള്ളിൽ ചെമ്മിരിയാടും താറാവും പൂവൻ കോഴിയുമായിരുന്നു.

1959 മേയ് 28ന് ഏബിൾ, ബേക്കർ എന്നീ സ്വിറൽ കുരങ്ങൻമാരെ ഒരു ബാലിസ്റ്റിക് മിസൈലിൽ ഫ്ലോറിഡയിലെ കേപ് കനാവെറലിലെ നാസയുടെ ലോഞ്ച് സെന്ററിൽ നിന്ന് വിക്ഷേപിക്കുകയുണ്ടായി. ഇരുവരും ഭൂമിയിൽ നിന്ന് 300 മൈൽ ഉയരത്തിൽ ഭൗമാന്തരീക്ഷത്തിന് പുറത്തേക്ക് പറന്നു. 16 മിനിറ്റ് കൊണ്ട് ഇരുവരും വിജയകരമായി ഭൂമിയിൽ തിരിച്ചെത്തി.

തിരിച്ചെത്തി നാലാം ദിനം ഹൃദയാഘാതത്തെ തുടർന്ന് ഏബിൾ ചത്തിരുന്നു. അലബാമയിലെ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ ഏബിളിന്റെ മൃതദേഹം സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അതേ സമയം, ബേക്കർ 1984ലാണ് വിടപറഞ്ഞത്.

ഭൂമിയിൽ നിന്ന് ബഹിരാകാശത്തെത്തിയ ആദ്യ ജീവിയാണ്‌ ' ലെയ്ക ' എന്ന നായ. സോവിയറ്റ് യൂണിയന്റെ സ്പുട്നിക് 2 പേടകത്തിൽ 1957 നവംബർ 3നാണ് ലെയ്ക ബഹിരാകാശത്തെത്തിയത്. ഭൂമിയുടെ ഭ്രമണപഥം കടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ചൂടും സമ്മർദ്ദവും സഹിക്കാനാകാതെ ലെയ്കയുടെ ജീവൻ നഷ്‌ടമായി.

ബഹിരാകാശത്തെത്തി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയ ഒരേയൊരു പൂച്ചയാണ് ' ഫെലിസെറ്റ് '. 1963 ഒക്ടോബർ 18ന് ഫ്രഞ്ച് സ്‌പെയ്സ് ഏജൻസിയുടെ പേടകത്തിൽ 57 കിലോമീറ്റർ ഉയരത്തിലെത്തി 13 മിനിറ്റിന് ശേഷം ഭൂമിയിലേക്ക് തിരിച്ച ഫെലിസെറ്റിനെ രണ്ട് മാസത്തിന് ശേഷം ദയാവധത്തിന് വിധേയമാക്കി. ഗവേഷണ ഭാഗമായി ഫെലിസെറ്റിന്റെ തലയിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ചിരുന്നതിനാലാണ്.

1960 അവസാനത്തോടെ നാസയുടെ ബയോസാറ്റലൈറ്റ് മിഷനിലൂടെയും സോവിയറ്റ് പദ്ധതികളുടെ ഭാഗമായും സൂഷ്മ ജീവികൾ, പ്രാണികൾ, ആമ, എലി, തുടങ്ങിയവയെ ബഹിരാകാശത്ത് എത്തിക്കുന്നത് സാധാരണമായി.

Advertisement
Advertisement