അവർ അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്ത‌ു, മേലിൽ ഇതാവർത്തിക്കില്ല സാറേ...

Thursday 30 June 2022 7:49 AM IST

ചെറുതോണി: അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് ഒരു സ്കൂട്ടറിൽ സഞ്ചരിച്ച സംഭവത്തിൽ നടപടി. വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ആർ ടി ഒ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി മേലിൽ കുറ്റംചെയ്യുകയില്ലെന്ന് മാതാപിതാക്കളുടെ മുൻപിൽവെച്ച് പ്രതിജ്ഞ എടുപ്പിച്ചു. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസും സസ്‌പെൻഡ് ചെയ‌്തു.

കോളേജ് യൂണിഫോം ധരിച്ച് ഒരു സ്‌കൂട്ടറിൽ അഞ്ചുപേർ ഒരുമിച്ച് നടത്തിയ യാത്ര വീഡിയോ വൈറലായതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തത്. വെള്ളിയാഴ്ച മുരിക്കാശ്ശേരി ടൗണിലൂടെ വിദ്യാർഥികൾ 'പറക്കുന്ന'തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സ്വകാര്യകോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥികളായ ഇവർ അതേ കോളേജിന്റെ യൂണിഫോമിലാണ് അപകടകരമായവിധത്തിൽ വാഹനമോടിച്ചത്.

ഇടുക്കി ആർ.ടി.ഒ. ആർ. രമണൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സോണി ജോൺ, നെബു ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പറക്കും ചുള്ളന്മാർക്ക് കടിഞ്ഞാണിട്ടത്.