ഫേസ്ബുക്ക് സുഹൃത്താവാത്തതിന് നഗ്നത പകർത്തി പ്രതികാരം, പിടിയിലായത് 19കാരൻ ഉൾപ്പടെ രണ്ടുപേർ

Thursday 30 June 2022 9:39 AM IST

പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ രണ്ടുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവിൽ വീട്ടിൽ ശരത് എസ്.പിള്ള (19), പടുതോട് പാനാലിക്കുഴിയിൽ സേതുനായർ (23) എന്നിവരാണ് പിടിയിലായത്.

ഫേസ് ബുക്കിൽ സുഹൃത്താവാൻ അയച്ച അപേക്ഷ നിരസിച്ചതിന്റെ പേരിൽ യുവതിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്താൻ രണ്ടാം പ്രതി സേതുനായർ, ഒന്നാം പ്രതി ശരത്തിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്‌നദൃശ്യങ്ങൾ ശരത് സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് വീട്ടിലെത്തി സുഹൃത്തും അയൽവാസിയുമായ സേതുവിന് അയച്ചുകൊടുത്തു.

പിറ്റേന്ന്, യുവതി പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പൊലീസ് പടുതോട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. തെളിവുകൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനക്കയച്ചു. ഇൻസ്‌പെക്ടർ സജീഷ്, എസ്.ഐ അനൂപ്, എ എസ്.ഐ വിനോദ്, എസ്.സി.പി ഓമാരായ ഗിരീഷ് ബാബു, ജോബിൻ ജോൺ, വനിതാ സിവിൽ പൊലീസ് ഓഫീസർ ഷെബി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.