മുപ്പത്തെട്ട് പവൻ മോഷ്ടിക്കാൻ കള്ളന്മാർ വീട്ടിനുള്ളിൽ കടന്നത് അഞ്ചടി ഉയരമുള്ള ജനൽ അപ്പാടെ ഇളക്കി മാറ്റി, പ്രതികളെ പിടിച്ചത് ട്രെയിൻ വളഞ്ഞ്

Thursday 30 June 2022 10:24 AM IST

തൃശൂർ: പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് 38.5 പവൻ കവർന്ന സംഭവത്തിൽ അന്തർസംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശികളായ ഷൈക്ക് മക്ബുൾ (31), മുഹമ്മദ് കൗഷാർ ഷൈക്ക് (45) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനാറിനാണ് കേസിനാസ്പദമായ സംഭവം.

പൂങ്കുന്നത്ത് അടച്ചിട്ട വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനൽ മൊത്തമായി ഇളക്കി അലമാരിയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യയുടെയും അസി.കമ്മിഷണർ വി.കെ.രാജുവിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

പരിശോധിച്ചത് 88 സി.സി.ടിവി കാമറ

പ്രതികളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരിശോധിച്ചത് 88 സി.സി.ടിവി കാമറകൾ. ഇതിൽ നിന്ന് പ്രതികളുടെ അവ്യക്തമായ ദൃശ്യം ലഭിച്ചു. മോഷണം നടത്താൻ പ്രതികൾ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തെന്നും കണ്ടെത്തി. പശ്ചിമബംഗാൾ സ്വദേശികളാണിവരെന്ന് തിരിച്ചറിഞ്ഞതോടെ 25ന് അന്വേഷണസംഘം ബംഗാളിലേക്ക് തിരിച്ചു. തുടർന്ന് ബംഗ്ലാദേശിന്റെ അതിർത്തി ഗ്രാമങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഒളിത്താവളം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയിൽ പ്രതികൾ ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിൻ മാർഗം പുറപ്പെട്ടെന്ന് മനസിലാക്കി. പിന്നീട് ചെന്നൈ റെയിൽവേ പൊലീസിന്റെ സഹായത്തോടെ ചെന്നൈ എം.ജി.ആർ റെയിൽവേ സ്‌റ്റേഷനിൽ കമ്പാർട്ട്‌മെന്റ് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. തൃശൂർ വെസ്റ്റ് എസ്.എച്ച്.ഒ എസ്.ഐ: കെ.സി.ബൈജു, സി.പി.ഒമാരായ അഖിൽ വിഷ്ണു, കെ.എസ്.അഭീഷ് ആന്റണി, സി.എ.വിബിൻ, പി.സി.അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.