ബംഗാളിൽ തുടർച്ചയായി വിജയം നേടിയ സി പി എം മുൻ എം എൽ എയ്ക്ക് ആശുപത്രിയിൽ ബെഡില്ല, തറയിൽ കിടന്നത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച്

Thursday 30 June 2022 11:58 AM IST

കൊൽക്കത്ത: സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ മുൻ സി.പി.എം എം.എൽ.എയ്ക്ക് കിടക്ക പോലും നൽകിയില്ലെന്ന് ആരോപണം. മുൻ എം.എൽ.എ ദിബാകർ ഹൻസ്‌ദയാണ് ആശുപത്രി അധികൃതരിൽ നിന്ന് മോശം സമീപനം നേരിട്ടത്.

തറയിൽ കിടക്കേണ്ടിവരുമെന്ന വ്യവസ്ഥ അം​ഗീകരിച്ചതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയാറായതെന്ന് കുടുംബം ആരോപിച്ചു. ഇവർ മെത്ത പോലും നൽകാത്തതോടെ പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി തറയിൽ വിരിച്ചാണ് അദ്ദേഹം കിടന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

എം.എൽ.എ തന്നെയാണ് തന്റെ അവസ്ഥ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 28 മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് കിടക്ക നൽകിയത്. പിത്താശയ ശസ്ത്രക്രിയയ്ക്കായാണ് ഹൻസ്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്‌ചയാണ് ബന്ധുക്കൾക്കൊപ്പം മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എം.എൽ.എ എത്തിയത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ഉൾപ്പെടെയുള്ള നേതാക്കൾ പരാജയപ്പെട്ടപ്പോൾ വിജയിച്ച സി.പി.എം എം.എൽ.എമാരിൽ ഒരാളായിരുന്നു ഹൻസ്‌ദ. 2016ലും അദ്ദേഹം ജയിച്ചു.

എം.എൽ.എയുടെ ദയനീയാവസ്ഥ വൈറലായതോടെ ആശുപത്രിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. തുടർന്നാണ് അധികൃതർ ബെഡ് നൽകിയത്. വി.ഐ.പി രോ​ഗികൾക്ക് ആശുപത്രിയിൽ പ്രത്യേക സൗകര്യമില്ലെന്നും കിടക്ക ലഭ്യമായപ്പോൾ നൽകിയെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.