കേന്ദ്ര ഏജൻസികളെ ആരെയും ഞങ്ങൾക്ക് വിശ്വാസമില്ല, അവർ സെറ്റിൽ ചെയ്യും: സ്വർണക്കടത്ത് കേസിൽ സുപ്രീം കോടതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലൊന്നും തങ്ങൾക്ക് വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരും കേന്ദ്രവും ചേർന്ന് കേസ് സെറ്റിൽ ചെയ്യുമോയെന്ന് സംശയമുണ്ടെന്നും, ഇപ്പോൾ തന്നെ സെറ്റിൽ ചെയ‌്തിട്ടുണ്ടാകാമെന്നും സതീശൻ ആരോപിച്ചു. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുനന സമയത്ത് ഉയർന്ന ഒരു ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യാമറ പരിശോധിക്കണമെന്ന് പറഞ്ഞയാളാണ് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ. ഇന്നത് അദ്ദേഹത്തിന് നേർക്കുതന്നെ വന്നിരിക്കുകയാണ്. കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി ഇന്നലെ സഭയിൽ പറഞ്ഞത്, ബാഗേജ് വിമാനത്താവളത്തിലൂടെ കൊണ്ടുപോയത് വ്യക്തിയാണെന്നാണ്. അത് തെറ്റാണ്. മെമെന്റോ ആയ ആറന്മുളക്കണ്ണാടിയാണ് ബാഗേജിലെങ്കിൽ അത് ഡിപ്ളോമാറ്റിക് ബാഗേജ് ആകുന്നതെങ്ങനെ? ആറന്മുള കണ്ണാടിക്ക് അത്ര ഗമയുണ്ടോ? ദുബായിലെത്തുമ്പോൾ കേരള മുഖ്യമന്ത്രിയുടെ ബാഗേജ് ആണെന്ന് പറഞ്ഞാൽ കാര്യമില്ല, ഏതു മുഖ്യമന്ത്രിയെന്ന് അവർ ചോദിക്കും. പക്ഷേ, ദുബായ് കോൺസുലേറ്റിന്റെ അനുമതിയോടെ ഡിപ്ളോമാറ്റിക് ചാനലിൽ പോയാൽ അവിടുത്തെ എയർപോർട്ടിൽ ക്ളിയർ ചെയ‌്ത് എടുക്കാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സ്വർണക്കടത്ത് കേസ് ഇ ഡി മാത്രം അന്വേഷിക്കേണ്ടതില്ലെന്നും, രാജ്യസുരക്ഷയെ ബാധിക്കുന്നത് അന്വേഷിക്കേണ്ടത് സിബിഐയാണ്. സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നതും സിബിഐ അന്വേഷണമാണ്. സോളാർ കേസ് പ്രതി ആവശ്യപ്പെട്ടപ്പോൾ സിബിഐ അന്വേഷണം സമ്മതിച്ച സർക്കാർ ഇതിൽ എന്തുകൊണ്ട് അത് ചെയ്യുന്നില്ലെന്നും വി ഡി സതീശൻ ചോദിച്ചു. എന്നാൽ കേന്ദ്ര ഏജൻസികളെ ആരെയും വിശ്വാസമില്ലെന്നും, സുപ്രീം കോടതി കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.