കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട, പതിവു രീതി മാറ്റി രണ്ടുകിലോ ഒളിപ്പിച്ചത് തേപ്പുപെട്ടിയിൽ, പിടിയിലായത് മലപ്പുറം സ്വദേശി

Thursday 30 June 2022 12:11 PM IST

കോഴിക്കാേട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇന്ന് പുലർച്ചെ നാലരയോടെ എയർ അറേബ്യ വിമാനത്തിൽ എത്തിയ മലപ്പുറം വണ്ടൂർ സ്വദേശിയും മുപ്പത്തൊമ്പതുകാരനുമായ മുസാഫിർ അഹമ്മദിൽ നിന്നാണ് രണ്ടുകിലോയോളം സ്വർണം പിടിച്ചെടുത്തത്. തേപ്പുപെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

ബാഗേജിൽ ചില സംശയങ്ങൾ തോന്നിയതിനെത്തുടർന്ന് കസ്റ്റംസ് മുസാഫിറിനെ തടഞ്ഞുവച്ച് പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ബാഗിനുള്ളിൽ നാലുകിലോയോളം ഭാരമുള്ള തേപ്പുപെട്ടി കണ്ടെത്തിയത്. സുഹൃത്തിന് നൽകാനാണ് ഇത് കൊണ്ടുവന്നതെന്നാണ് മുസാഫിർ കസ്റ്റംസിനോട് പറഞ്ഞത്. തേപ്പുപെട്ടിയുടെ അസാധാരണ ഭാരത്തിൽ സംശയംതോന്നി പൊളിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടത്. തുടർന്ന് മുസാഫിറിനെ അറസ്റ്റുചെയ്തു. ഇയാൾ സ്ഥിരമായി സ്വർണം കടത്തുന്ന ആളാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് വീണ്ടും സജീവമാവുകയാണ്. ശരീരത്തിനുള്ളിൽ ഉൾപ്പടെ ഒളിപ്പിച്ചാണ് കടത്തുന്നത്. അടുത്തിടെ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽ പ്രത്യേക രീതിയിൽ ഒളിപ്പിച്ച് സ്വർണം കടത്തിയതും കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം കൊച്ചി വിമാനത്താവളത്തിൽ മലദ്വാരത്തിലൊളിപ്പിച്ച് രണ്ടുകിലോയോളം സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂട‌ിയിരുന്നു. സാനിട്ടറി പാഡിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച് സ്വർണം കടത്തിയ സ്ത്രീ അടുത്തിടെ മംഗലാപുരം വിമാനത്താവളത്തിൽ പിടിയിലായിരുന്നു.

Advertisement
Advertisement