ബാലുശേരി  ആൾക്കൂട്ട  ആക്രമണത്തിൽ ഉൾപ്പെട്ട ഡി വെ എഫ് ഐ പ്രവർത്തകനെ രക്ഷിക്കാൻ പൊലീസ് ശ്രമം, കേസിൽ നിന്ന് രണ്ട് ഇടത് അനുകൂലികളെ ഒഴിവാക്കി

Thursday 30 June 2022 12:40 PM IST

കോഴിക്കോട്: ബാലുശേരി ആൾക്കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ടിരുന്ന ഡി.വെെ.എഫ്.ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേയും രക്ഷിക്കാൻ പൊലീസ് ശ്രമം. കടുത്ത രാഷ്‌ട്രീയ സമ്മർദം അതിജീവിച്ചാണ് പൊലീസ് ഡി.വൈ.എഫ്‌.ഐ അനുഭാവി നജാഫ് ഫാരിസിനെയും മറ്റൊരു ഇടത് അനുകൂലിയേയും അറസ്റ്റ് ചെയ്‌തത്. ഇവരുൾപ്പടെയുള്ളവരെ റിമാൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.

11,12 പ്രതികളായ ഇവരൊഴികെ മറ്റെല്ലാ റിമാൻഡ് പ്രതികൾക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നത്. വധശ്രമം, എസ്‌.സി-എസ്.ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയത്. കേസില്‍ ഒന്‍പത് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചാണ് അർദ്ധരാത്രി ഡി.വൈ.എഫ്.ഐ നേതാവായ ദളിത് യുവാവ് ജിഷ്‌ണുവിനെ എസ്.ഡി.പി.ഐ - ലീഗ് പ്രവർത്തകർ വളഞ്ഞുവച്ച് രണ്ടുമണിക്കൂറോളം അതിക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

സുഹൃത്തിന്റെ വീട്ടിലെ ബർത്ത് ഡേ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിറുത്തി 'നീയല്ലേ എസ്.ഡി.പി.ഐയുടെ ബോർഡുകൾ നശിപ്പിച്ചത്' എന്നുചോദിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തല പിടിച്ച് സമീപത്തെ തോട്ടിലെ വെള്ളത്തിൽ പല തവണ മുക്കി ശ്വാസംമുട്ടിച്ചു. മർദ്ദിച്ച സംഘത്തിൽ ആദ്യം കുറച്ചു പേരാണ് ഉണ്ടായിരുന്നത്. പിന്നീട് ഫോൺ വിളിച്ച് കൂടുതൽപേരെ വരുത്തുകയായിരുന്നു. തുടർച്ചയായി മർദ്ദിച്ച് അവശനാക്കിയശേഷം മൂന്നു മണിയോടെ പൊലീസിനെ വിളിച്ചുവരുത്തി കൈമാറി.