തുരുമ്പെടുത്തു നശിച്ചാലും നഗരസഭയ്ക്ക് കൊടുക്കില്ല!

Friday 01 July 2022 12:00 AM IST

പാലാ. തുരുമ്പെടുത്തു നശിച്ചാലും നഗരസഭയ്ക്കു വിട്ടുകൊടുക്കില്ലെന്നത് ആരുടെ ശാഠ്യമാണ്‌ ? നഗരസഭാധികാരികൾ പല തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും അഞ്ചുകോടി മുടക്കി പാലായിൽ പണിത ടൂറിസം അമിനിറ്റി സെന്റർ വിട്ടു കൊടുക്കാൻ ടൂറിസം വകുപ്പ് തയ്യാറായിട്ടില്ല. എന്നാൽ അതു മനുഷ്യർക്ക് പ്രയോജനപ്പെടുംവിധമാക്കി തുറന്നു കൊടുക്കാനുള്ള ശ്രമവുമില്ല.

പാലാ നഗരത്തിലെ ലണ്ടർ ബ്രിഡ്ജിന്റെ മാതൃകയിലുള്ള തൂക്കുപാലം തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതോടൊപ്പമുള്ള അമിനിറ്റി സെന്ററും ചെറിയ പാർക്കും നടപ്പാതയുമൊക്കെ കാടുകയറി. പാലത്തിന്റെ കവാടം പൂട്ടിയിട്ടിട്ട് നാളുകളായി. അഞ്ചുകോടി തുലച്ചതു മിച്ചം.

സംസ്ഥാനത്ത് കോട്ടയം ജില്ലയിൽ ആദ്യമായി ആവിഷ്‌കരിച്ച ഹരിത ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പാലായിൽ തൂക്കുപാലവും അമിനിറ്റി സെന്ററും പണിതുയർത്തിയത്. 2020ൽ ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞതിൽ പിന്നെ ഇവടേയ്ക്കാരും തിരിഞ്ഞുനോക്കിയിട്ടില്ല. പല തവണ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പാലാ നഗരസഭ ടൂറിസം ഡിപ്പാർട്ടുമെന്റിന് കത്ത് നൽകി. പക്ഷേ ഒരു പ്രതികരണവും ഉണ്ടായില്ല.

അന്തരിച്ച മുൻധനമന്ത്രി കെ.എം.മാണി മുൻകൈ എടുത്ത് ആരംഭിച്ച ഹരിത ടൂറിസം പദ്ധതിക്ക് 90 കോടിയോളം രൂപയുടെ ഭരണാനുമതിയാണ് ടൂറിസം വകുപ്പ് നൽകിയത്. കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കൊപ്പം മീനച്ചിൽ താലൂക്കിലെ അഞ്ച് മലയോര പഞ്ചായത്തുകളുടെ സമഗ്ര വികസനവും പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നു.


പണി തീരുംമുൻപ് ഉദ്ഘാടനം!.

ഹരിത ടൂറിസം പദ്ധതിയുടെ കവാടം എന്ന നിലയിൽ ഒന്നാം ഘട്ടമായാണ് പാലായിൽ തൂക്കുപാലവും അമിനിറ്റി സെന്ററും കോൺഫറൻസ് ഹാളും പണിതത്. ഇതോടൊപ്പം മീനച്ചിലാറിന്റെ മറുകരയലേക്ക് പാലവും ആർട്ട് ഗാലറിയും ശിൽപോദ്യാനവും ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു. ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്. ആദ്യഘട്ടത്തിൽ കെ.എം. മാണിയും ജോസ് കെ.മാണി എം.പി.യും പിന്നീട് മാണി സി.കാപ്പൻ എം.എൽ.എ.യും ഇതിനായി തുടർ ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ പദ്ധതി പാതിവഴിയിൽ നിലച്ചുപോകുകയാണുണ്ടായത്.

90 കോടിയുടെ ഭരണാനുമതി.

5 കോടി ചെലവഴിച്ച് ആദ്യഘട്ടം.

നിലവിൽ പണിതത്.

തൂക്കുപാലം.

അമനിറ്റി സെന്ററും.

പദ്ധതിയിലുള്ളത്.

മറുകരയലേക്ക് പാലവും

ആർട്ട് ഗാലറിയും ശിൽപോദ്യാനവും.

Advertisement
Advertisement