പതിമൂന്നുകാരിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് സ്വന്തം സഹോദരി, കൊലപ്പെടുത്തിയത് കൂട്ടബലാത്സംഗം ചെയ്തശേഷം, കൊടും ക്രൂരത നടന്നത് സഹോദരിയുടെ കൺമുന്നിൽ

Thursday 30 June 2022 4:39 PM IST

ലക്നൗ: തന്റെ അവിഹിത ബന്ധം എതിർത്ത പതിമൂന്നുകാരിയെ കാമുകന്മാരെ ഉപയോഗിച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഹോദരിയെ പൊലീസ് അറസ്റ്റുചെയ്തു. ക്വട്ടേഷൻ നൽകിയ യുവതിയുടെ കൺമുന്നിൽ വച്ചായിരുന്നു പീഡനവും കൊലപാതകവും. സ്വന്തം സഹോദരി കാമഭ്രാന്തന്മാരുടെ പേക്കൂത്തുകൾക്ക് ഇരയാകുമ്പോഴും അവസാനം ജീവനുവേണ്ടി പിടയുമ്പോഴും അതെല്ലാം ചെറുപുഞ്ചിരിയോടെ കണ്ട് നിന്ന് ആസ്വദിക്കുകയായിരുന്നു അവൾ. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ യുവതി ഉൾപ്പടെ ഏഴുപേർ പിടിയിലായി. ഇതിൽ നാലുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും മറ്റുള്ളവർ ആരും അവിടേക്ക് വരാതിരിക്കാൻ കാവൽ നിന്നവരുമാണ്. 18-19 വയസുകാരാണ് അറസ്റ്റിലായവർ എല്ലാം.

അറസ്റ്റിലായ യുവതിക്ക് നാല് യുവാക്കളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇക്കാര്യം പതിമൂന്നുകാരി അറിഞ്ഞു. ബന്ധത്തെ പെൺകുട്ടി എതിർക്കുകയും വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പേരിൽ ഇരുവരും പലതവണ വഴക്കുണ്ടാവുകയും ചെയ്തു. തുടർന്നാണ് സഹോദരിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി കാമുകന്മാരുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനെന്ന പേരിൽ പെൺകുട്ടിയെ സഹോദരി കരിമ്പിൻ തോട്ടത്തിലേക്ക് കൊണ്ടുപോവുകയും അവിടെ കാത്തുനിന്ന പ്രതികൾക്ക് കൈമാറുകയുമായിരുന്നു. നാലുപേരും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചശേഷം സ്കാർഫ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് ഒന്നും സംഭവിക്കാത്തതുപാേലെ എല്ലാവരും സ്ഥലം വിടുകയുമായിരുന്നു.