ഓഫീസ് ജീവനക്കാരി തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് ബി ആർ എം ഷെഫീർ, പിന്നാലെ ജീവനക്കാരിയുടെ പരാതിയിൽ നേതാവിനെതിരെയും കേസെടുത്ത് പൊലീസ്
Thursday 30 June 2022 9:50 PM IST
തിരുവനന്തപുരം: കെപിസിസി സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ബി ആർ എം ഷെഫീറിനെതിരെ ഓഫീസ് ജീവനക്കാരിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു. തന്നെ അസഭ്യം പറഞ്ഞുവെന്നും മർദ്ദിച്ചെന്നും കാണിച്ചാണ് ഷെഫീറിന്റെ തന്നെ വക്കീൽ ഓഫീസിലെ ജീവനക്കാരി പരാതി നൽകിയത്.
ജീവനക്കാരി താൻ അറിയാതെ കക്ഷികളിൽ നിന്ന് വക്കീൽ ഫീസ് വാങ്ങാറുണ്ടെന്നും ഓഫീസിൽ നിന്ന് രേഖകൾ കടത്താറുണ്ടെന്നും കാണിച്ച് ഷെഫീർ നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരി ഷെഫീറിനെതിരെ പരാതി നൽകുന്നത്. നെടുമങ്ങാട് പൊലീസാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വർക്കല നിയോജകമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഷെഫീർ.