ഭക്ഷ്യസുരക്ഷാ പരിശോധന : 3.24 ലക്ഷം രൂപ പിഴ ചുമത്തി

Friday 01 July 2022 12:51 AM IST

ആലപ്പുഴ : ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഏപ്രിൽ മുതൽ ജൂൺ വരെ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് 3,24,500 രൂപ പിഴ ചുമത്തി. 1174 പരിശോധനകളാണ് നടത്തിയത്. ശേഖരിച്ച സാമ്പിളുകൾ തുടർപരിശോധനയ്ക്കായി അയച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് 231 പരിശോധനകൾ നടത്തി.

വഴിച്ചേരി, ചെങ്ങന്നൂർ കൊല്ലക്കടവ്, ഹരിപ്പാട് മാർക്കറ്റുകളിൽ നിന്ന് ഫോർമാലിൻ ടെസ്റ്റ് പോസീറ്റീവ് ആയതും പഴകിയതും ഉൾപ്പെടെ 530 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. 37 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഫോർമാലിൻ പോസിറ്റീവായ മത്സ്യത്തിന്റെ സാമ്പിളുകൾ ഗവൺമെന്റ് അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് 295 പരിശോധനകളാണ് നടത്തിയത്. ന്യൂനതകൾ കണ്ടെത്തിയ 78 സ്ഥാപനങ്ങൾക്കും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 32 സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. 120 ജ്യൂസ് കടകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി. 21 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആറു സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിന് നടപടി സ്വീകരിച്ചു.

Advertisement
Advertisement