ഈ വീട്ടിൽ ഹോമിയോയും ആയുർവേദവും ഒന്നാണ് !

Thursday 30 June 2022 10:12 PM IST

ആലപ്പുഴ : ഒരേ ക്ളാസിൽ പഠനം. ജീവിതത്തിലും ഒന്നിച്ചു. ഇപ്പോൾ ഒരേജില്ലയിൽ വ്യത്യസ്ത ചികിത്സാ വിഭാഗങ്ങളുടെ ജില്ലാ ഓഫീസർ കസേരയിൽ ഔദ്യോഗിക ജീവിതം. ആലപ്പുഴ ഹോമിയോപ്പതി ഡി.എം.ഒ ഡോ.ബോബനും ഭാരതീയ ചികിത്സാ വകുപ്പ് (ആയുർവേദം) ഡി.എം.ഒ ഡോ.എസ്.ഷീബയുമാണ് ഈ ദമ്പതികൾ. ചിങ്ങോലി ശ്രാമ്പിക്കൽ മഠത്തിൽ ജയമണി- വസുമതി ദമ്പതികളുടെ മകനാണ് ബോബൻ. ഷീബ വള്ളികുന്നം ഇലിപ്പക്കുളം ചക്കാലതെക്കതിൽ സി.എൻ.ഭാസ്കരൻ - പി.സുലോചന ദമ്പതികളുടെ മകളും.

ഇരുവരും നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ 1982-84 വർഷത്തിൽ പ്രീഡിഗ്രിക്ക് സയൻസ് ബാച്ചിൽ ഒരേ ക്ളാസിലാണ് പഠിച്ചത്. എൻട്രൻസ് പരീക്ഷയിൽ ഇരുവരും മികച്ച വിജയം നേടി. ഹോമിയോ ഡോക്ടറായിരുന്ന മുത്തച്ഛൻ ഡോ.വി.കെ.ഗണപതിയുടെ പിൻഗാമിയാകാനായിരുന്നു ബോബന്റെ തീരുമാനം. ഷീബ അലോപ്പതി ആഗ്രഹിച്ചെങ്കിലും ആയുർവേദത്തിൽ തൃപ്തിപ്പെടേണ്ടി വന്നു. 1984ൽ തിരുവനന്തപുരം ഗവ.ഹോമിയോ മെഡിക്കൽ കോളേജിൽ ബോബനും ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ ഷീബയും ചേർന്നു. നേരത്തേ പരിചയമുണ്ടായിരുന്നെങ്കിലും വീട്ടുകാർ ആലോചിച്ചുറപ്പിച്ചായിരുന്നു വിവാഹം. 1994ൽ.

തുടർന്ന് 1995ൽ ബോബനും 1996ൽ ഷീബയ്ക്കും സർക്കാർ സർവീസിൽ നിയമനം ലഭിച്ചു. ഇരുവർക്കും കാസർകോടായിരുന്നു ആദ്യനിയമനം.നാലുവർഷത്തിന് ശേഷം ബോബന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. പിന്നീട് ഇടുക്കി, വയനാട്,കോട്ടയം, എറണാകുളം ജില്ലകളിൽ ജോലി നോക്കി. എറണാകളും ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ചുമതലയിലിരുന്നപ്പോഴാണ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സക്കായി ലാബും ഒ.പി ബ്ളോക്കും നവീകരിച്ചത്. 2019ൽ ഡി.എം.ഒ ആയി പാലക്കാടും 2021ൽ ആലപ്പുഴയിലുമെത്തി. 2018ലാണ് ഷീബ ഡി.എം.ഒ കസേരയിലെത്തിയത്. ആലപ്പുഴയിൽ തന്നെയായിരുന്നു നിയമനം.

സ്വകാര്യ പ്രാക്ടീസില്ല

ഡി.എം.ഒ ആയതോടെ ബോബനും ഷീബയും സ്വകാര്യപ്രാക്ടീസ് നിർത്തി. ജില്ലയിലെ ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലാണ് ഇരുവരും. ഓഫീസ് കാര്യങ്ങൾ വീട്ടിൽ ചർച്ചയാകുമ്പോഴും ഹോമിയോയെയും ആയുർവേദത്തെയും പരസ്പരം തള്ളിപ്പറയാറില്ല. രണ്ട് ചികിത്സയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നാണ് ഇവരുടെ പക്ഷം. കൊവിഡ് കാലത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് ഇരുവരും അവരവരുടെ വകുപ്പുകളിൽ നടത്തിയത്. ഈ ഡോക്ടർ ദമ്പതികളുടെ മകൾ ചന്ദന സ്വകാര്യ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മകൻ അഗ്നിവേശ് മെഡിക്കൽ എൻട്രൻസിനുള്ള തയ്യാറെടുപ്പിലാണ്.

Advertisement
Advertisement