കോരിയെടുക്കുന്നു മീൻകുഞ്ഞുങ്ങളെ: പിടിക്കല്ലേ,പിടിവീഴും

Thursday 30 June 2022 11:55 PM IST

കണ്ണൂർ:ട്രോളിംഗ് നിരോധനമേർപ്പെടുത്തിയതോടെ ജില്ലയിൽ വളർച്ചയെത്താത്ത മത്സ്യ കുഞ്ഞുങ്ങളെ പിടിക്കുന്നത് വ്യാപകം.എൻജിൻ ഘടിപ്പിച്ച ചെറുതും വലുതുമായ വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് ചെറുമീനുകളെ വൻതോതിൽ പിടിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പിടിച്ച നാല് ക്വിൻ്വൽ മത്തി കുഞ്ഞുങ്ങളെയാണ് ഫിഷറീസ് അധികൃതർ തിരിച്ച് കടലിൽ തന്നെ ഒഴുക്കിവിട്ടത്.

പിടികൂടിയ മത്തിക്കുഞ്ഞുങ്ങൾക്ക് ആറ് സെന്റീമീറ്റർ നീളം മാത്രമാണുണ്ടായിരുന്നത്.ട്രോളിംഗ് കാലത്ത് പരമാവധി പത്ത് സെന്റീമീറ്ററിന് മുകളിലുള്ള മത്തി മാത്രമേ പിടിക്കാവൂവെന്നാണ് നിയമം.സംഭവത്തിൽ കാശിനാഥ് എന്ന തോണിയുടെ ഉമടക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

ഇതിന് മുൻപ് 50 കിലോ അയലകുഞ്ഞുങ്ങളുള്ള 35 പെട്ടികൾ പിടിച്ചെടുത്തിരുന്നു.അധികൃതർ വരുന്നത് കണ്ടതോടെ അയല കുഞ്ഞുങ്ങളെ തോണിയിലുപേക്ഷിച്ച് ഉടമകൾ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.ജില്ലയിലെ പലഭാഗങ്ങളിലായി വളർച്ചയെത്താത്ത മത്സ്യങ്ങളെ പിടിക്കുന്നത് വ്യാപകമാണ്. ഉപരിതല മത്സ്യങ്ങളായ മത്തി ,അയല എന്നിവയാണ് കൂടുതലായും പിടിക്കുന്നത്.ട്രോളിംഗ് നിരോധനസമയത്ത് നിരോധിച്ചിട്ടുള്ള റിൻസിൻ വലകൾ ഉപയോഗിച്ച് സമുദ്റത്തിന്റെ അടിത്തട്ട് മുതൽ മേൽത്തട്ട് വരെയുള്ള മത്സ്യക്കുഞ്ഞുങ്ങളെയാകെ കോരിയെടുക്കുന്ന പ്രവണതയുമുണ്ട്.

ഗ്രാമ പ്രദേശങ്ങളിലെ ചന്തകളിലും വീടുകളിൽ മത്സ്യമെത്തിക്കുന്നവരുടെ പക്കലുമെല്ലാം വളർച്ചയെത്താത്ത മത്സ്യകുഞ്ഞുങ്ങൾ കണ്ടു വരുന്നുണ്ട്.നത്തോലിയെ പിടിക്കാനുപയോഗിക്കുന്ന വല ഉപയോഗിച്ചാണ് ഇത്തരം ചെറുമത്സ്യങ്ങളെ പിടികൂടുന്നത്.സംസ്ഥാനത്ത് വർഷം തോറം മത്സ്യക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ വളർച്ചയെത്താത്ത മത്സ്യങ്ങളെ പിടിക്കുന്നവർക്കെതിരെ കർശ്ശന നടപടിയെടുക്കുമെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.

പിടിക്കാം വളർച്ചയെത്തട്ടെ

പ്രജനനകാലത്ത് ഇത്തരത്തിൽ മീൻകുഞ്ഞുങ്ങളെ പിടികൂടുന്നത് ഒഴിവാക്കാനാണ് മൺസൂൺ കാലത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.ഈ കാലയളവിൽ മീൻപിടിത്തം ഒഴിവാക്കിയാൽ മാത്രമേ മുട്ടകൾ വിരിഞ്ഞ് മത്സ്യക്കുഞ്ഞുങ്ങൾക്ക് വളരാൻ കഴിയൂ. വള്ളങ്ങൾ ഉപയോഗിച്ച് മീൻപിടിത്തം നടത്തുന്നതിന് നിരോധനം ബാധകമല്ലെങ്കിലും വലുപ്പത്തിൽ കുറവുള്ള മീൻ പിടിക്കുന്നത് കർശ്ശനമായി നിരോധിച്ചിട്ടുണ്ട്.

കേരള കടൽ മത്സ്യബന്ധന നിയന്ത്റണ നിയമത്തിന്റെ ഭാഗമായി 58 ഇനം വാണിജ്യപ്രാധാന്യമുള്ള മീനുകളെ പിടിക്കുന്നതിന് വലുപ്പത്തിൽ നിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട്.

300മീനുകൾക്ക് ഇടവപാതി പ്രത്യുദ്പാദനകാലം

58 ഇനം മീനുകളെ പിടിക്കാൻ വലിപ്പം പരിഗണിക്കണം

നിശ്ചിത വലുപ്പമില്ലാത്ത മീനുകളെ പിടിക്കുന്നതും വിൽക്കുന്നതും ശക്ഷാർഹമാണ്.ഇത്തരത്തിൽ മത്സ്യകുഞ്ഞുങ്ങളെ പിടികൂടുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കും.കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ വലിയ തോതിൽ പിടികൂടിയതായി കണ്ടെത്തുകയും കർശ്ശന നടപടിയെടുത്തിട്ടുമുണ്ട്.പരിശോധന വരും ദിവസങ്ങളിലും തുടരും-

പി.രവീന്ദ്രൻ ,എസ്.എെ,ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്

Advertisement
Advertisement