മുപ്പതാം നാൾ പരീക്ഷാഫലം

Friday 01 July 2022 12:15 AM IST

സംസ്ഥാനത്തെ കുത്തഴിഞ്ഞ സർവകലാശാലാ പരീക്ഷാ സംവിധാനങ്ങൾ നേരെയാക്കാൻ സഹായിക്കുന്നതാണ് സർക്കാർ നിയോഗിച്ച സർവകലാശാലാ പരീക്ഷാപരിഷ്കരണ സമിതിയുടെ അന്തിമ ശുപാർശകൾ. ബിരുദ - പി.ജി പരീക്ഷകൾ നടന്ന് മുപ്പത് ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണം. തൊട്ടടുത്ത ദിവസം തന്നെ വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റും പതിനഞ്ചു ദിവസത്തിനകം സർട്ടിഫിക്കറ്റുകളും നൽകുകയും വേണം.

ഒറ്റനോട്ടത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് വളരെയധികം ആശ്വാസം നൽകുന്ന ശുപാർശകളാണിവ. കൂട്ടത്തിൽ പരീക്ഷാനടത്തിപ്പു കൂടി നന്നാക്കിയാൽ കാര്യങ്ങൾ കൂടുതൽ ഭംഗിയാകും. പരീക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനു പുറമെ വേറെയും നല്ല കുറെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് എം.ജി സർവകലാശാല പി.വി.സി ഡോ. സി.ടി. അരവിന്ദകുമാർ അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോർട്ട്. കുട്ടികൾ ഏതെങ്കിലും ഒരു കോഴ്‌സിന് സർവകലാശാലയിൽ പ്രവേശനം നേടുന്നതു മുതലുള്ള മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി റെക്കാർഡ് ബുക്ക് തയ്യാറാക്കി സൂക്ഷിക്കണമെന്നതാണ് ഇവയിലൊന്ന്. ഏതെല്ലാം കോഴ്സുകൾ പഠിച്ചു, യോഗ്യത സംബന്ധിച്ച വിവരങ്ങൾ, ഓരോ പരീക്ഷയിലും നേടിയ മാർക്കുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങി ഒരു വിദ്യാർത്ഥിയുടെ എല്ലാ അക്കാഡമിക് വിവരങ്ങളും ഇതിലുണ്ടാകണം. പത്താം ക്ളാസ് മുതലുള്ള എല്ലാ യോഗ്യതകളും ഉൾപ്പെടുത്തിയ ഈ രേഖ ഭാവിയിൽ കുട്ടിക്ക് വളരെയധികം ഉപകാരപ്പെടും. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലന്വേഷണത്തിലുമെല്ലാം പലതരം സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിനു പകരം ഈ ഒരൊറ്റ ആധികാരിക രേഖ ഹാജരാക്കിയാൽ മതിയാകും.

പരീക്ഷകളുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിബന്ധങ്ങൾ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സംബന്ധിച്ചാണെന്നു പറയാം. അദ്ധ്യാപകരുടെ അനാസ്ഥ കാരണം മൂല്യനിർണയം വൈകുന്നതു പതിവാണ്. അതിനനുസരിച്ച് ഫലപ്രഖ്യാപനവും വൈകും. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുന്നതും അശ്രദ്ധയോടെയുള്ള വാല്യുവേഷനും സ്ഥിരമായി നേരിടുന്ന പ്രശ്നങ്ങളാണ്. വാല്യുവേഷൻ വേഗത്തിലും കുറ്റമറ്റതുമാക്കാൻ ഉത്തരക്കടലാസുകളുടെ ഡിജിറ്റലൈസേഷൻ സഹായിക്കും. പരീക്ഷാകേന്ദ്രങ്ങളിൽ വച്ചുതന്നെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഡിജിറ്റലായി അദ്ധ്യാപകർക്കു അയച്ചുകൊടുക്കാവുന്നതാണ്. ആ രൂപത്തിൽത്തന്നെ വാല്യുവേഷൻ നടത്തി തിരിച്ചയയ്ക്കുകയും ചെയ്യാം. പുനർമൂല്യനിർണയത്തിന് ഇപ്പോൾ ആഴ്ചകളോ മാസങ്ങളോ എടുക്കാറുണ്ട്. ഉപരിപഠനം ആഗ്രഹിക്കുന്ന കുട്ടികളെ കഷ്ടത്തിലാക്കുന്ന ഏർപ്പാടാണിത്. അതു പരിഹരിക്കാൻ പതിനഞ്ചുദിവസത്തിനകം പുനർമൂല്യനിർണയം പൂത്തിയാക്കണമെന്നാണ് സമിതിയുടെ ശുപാർശ.

സമിതി മുന്നോട്ടുവച്ചിരിക്കുന്ന നിർദ്ദേശങ്ങളിലധികവും എളുപ്പം നടപ്പാക്കാവുന്നവയാണ്. വാല്യുവേഷൻ ഡിജിറ്റലാക്കണമെന്ന നിർദ്ദേശം കുറച്ചു സാമ്പത്തികബാദ്ധ്യത സൃഷ്ടിക്കാവുന്നതാണ്. എന്നിരുന്നാലും കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാകയാൽ അത് കാര്യമാക്കേണ്ടതില്ല.

സമിതിയുടെ മറ്റൊരു പ്രധാന ശുപാർശ കോപ്പിയടിയുമായി ബന്ധപ്പെട്ടുള്ളതാണ്. കോപ്പിയടി തടയാൻ സർവകലാശാലകൾ പെടാപ്പാടു പെടുകയാണ്. പിടിക്കപ്പെട്ടാൽ കുട്ടിയുടെ ഭാവിതന്നെ ഇല്ലാതാക്കുന്ന വിധത്തിൽ ശിക്ഷാനടപടികളും ഉണ്ടാകാറുണ്ട്. കോപ്പിയടിക്കു പിടിക്കപ്പെട്ട് പുറത്തുപോകേണ്ടിവരുന്ന കുട്ടികൾ സമൂഹമദ്ധ്യത്തിൽ അപമാനിതരാകുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കുന്നവർ വരെയുണ്ട്. കോപ്പിയടിക്കു പിടികൂടിയാലും ആരെയും ഇറക്കിവിട്ട് അപമാനിക്കരുതെന്നാണ് പരീക്ഷാപരിഷ്കരണ സമിതിയുടെ നിർദ്ദേശം.

Advertisement
Advertisement