കെ.എസ്.ഇ .ബി വൈദ്യുത ബന്ധം വിച്ഛേദിച്ചു; ചെറുകുന്ന് കയർ വ്യവസായ യൂണിറ്റിന് ഭീഷണി

Friday 01 July 2022 12:07 AM IST
ചെറുകുന്നിൽ താവം കയർ വ്യവസായ സഹകരണ സംഘത്തിന് കീഴിലുള്ള ചകിരി വ്യവസായ യൂണിറ്റിൽ കെട്ടിക്കിടക്കുന്ന കയർ

പഴയങ്ങാടി:ചെറുകുന്ന് മുണ്ടപ്പുറത്തെ താവം കയർ വ്യവസായ സഹകരണ സംഘത്തിന് കീഴിലുള്ള ചകിരി വ്യവസായ യൂണിറ്റ് അടച്ച്‌പൂട്ടൽ ഭീഷണിയിൽ.വൈദ്യുത ബില്ല് അടക്കാത്തതിനാൽ കെ.എസ്.ഇ.ബി സ്ഥാപനത്തിന്റെ വൈദുതി ബന്ധം വിച്ഛേദിച്ചു.കയർവ്യവസായ മേഖല കനത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച സ്ഥാപനം തകർച്ചയിലേക്ക് നീങ്ങുന്നത്.

സർക്കാരിൽ നിന്ന് വേണ്ട സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നില്ലെന്നാണ് നടത്തിപ്പുകാരുടെ പരാതി.

കയർ വ്യവസായം ഒന്നാകെ തകർച്ചയുടെ വക്കിലാണ്. ഒരു കിലോ കയർ ഉത്പാദിപ്പിക്കാൻ ഫൈബർ വില,ബണ്ടലിംഗ്,ലോഡിംഗ്,തൊഴിലാളിയുടെ കൂലി തുടങ്ങിയ ഇനങ്ങളിലായി 60 രൂപയാണ് വരുക എന്നാൽ കയർ ഫെഡ് ഒരു കിലോ കയറിന് വെറും 38 രൂപയാണ് നൽകുന്നത്

ഒരു കിലോ കയറിന്

കയർഫെഡ് നൽകുന്നത് ₹38

ഉത്പാദനചിലവ് ₹60

കെട്ടികിടന്ന് നശിക്കുന്നു

കൂടാതെ ഉത്പാദിപ്പിക്കുന്ന കയർ സമയ ബന്ധിതമായി കയർ ഫെഡ് എടുക്കാത്തതിനാൽ ഉത്പാദന കേന്ദ്രത്തിൽ കെട്ടികിടക്കുന്നു. എലിശല്യവും കുറവല്ല.മാസങ്ങളായി തൊഴിലാളികൾക്ക് ശമ്പളം പോലും ലഭിക്കുന്നില്ല.11സ്ത്രീ തൊഴിലാളികളും ഒരു പുരുഷ തൊഴിലാളിയും ഉണ്ടായിരുന്ന ഇവിടെ ശമ്പളം കിട്ടാത്തത് കാരണം ആറുപേർ ജോലി ഉപേക്ഷിച്ചു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചകിരി ഉത്പാദനം കരകയറാൻ കയർഫെഡിന്റെ സഹായം ആവശ്യമാണ്-താവം കയർ വ്യവസായം സഹകരണ സംഘം സെക്രട്ടറി കെ.പി.ശർമിള

ഉത്പാദിപ്പിക്കുന്ന കയർ തടസ്സമില്ലാതെ കയർ ഫെഡ് വാങ്ങിയാൽ ഒരു പരിധി വരെ സ്ഥാപനം നിലനിർത്താം സംഘം പ്രസിഡന്റ് കെ.വി.ശ്രീധരൻ

Advertisement
Advertisement